മദ്യപിച്ച് ലക്കുകെട്ട് ലോറി നിർത്തിയിട്ടത് നടുറോഡിൽ.. ക്യാബിനിൽ കിടന്നുറങ്ങി ഡ്രൈവർ..പിന്നാലെ..

മദ്യപിച്ച് ലക്കുകെട്ട് റോഡിന് നടുവിൽ വാഹനം നിർത്തിയിട്ട ഡ്രൈവറെ പോലീസ് പിടികൂടി. വാഹനം നിർത്തിയ ശേഷം ക്യാബിനിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മണ്യനാണ് പിടിയിലായത്. ഇയാൾ മദ്യലഹരിയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും പിന്നാലെ കുമ്പള ദേവീനഗറിൽ എത്തിയപ്പോൾ നടുറോഡിൽ വാഹനം നിർത്തിയിട്ടതിന് ശേഷം കിടന്നുറങ്ങുകയുമായിരുന്നു.
കണ്ണൂർ ഭാഗത്തേക്ക് എൽപിജിയുമായി പോകുകയായിരുന്ന ലോറിയാണ് ഡ്രൈവർ നടുറോഡിൽ നിർത്തിയിട്ടത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ദേശീയപാതയിലൂടെ അപകടകരമായ രീതിയിൽ ഒരാൾ ലോറി ഓടിച്ചുകൊണ്ട് പോകുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് കുമ്പള പോലീസ് എത്തിയപ്പോഴാണ് നടുറോഡിൽ വാഹനം നിർത്തിയിട്ട ഡ്രൈവർ കിടന്നുറങ്ങുന്നതായി കണ്ടെത്തിയത്. തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് നടുറോഡിൽ നിന്നും പോലീസ് ലോറി വശത്തേക്ക് മാറ്റിയിട്ടു. അറസ്റ്റിലായ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.