ഡ്രൈവിങ് ടെസ്റ്റിൽ ഇനി ‘എച്ച്’ മാത്രം പോര… മിന്നല്‍ പരിശോധനയുമായി MVD

ഡ്രൈവിങ് പരിശീലനം ഇനി ‘എച്ച്’ എടുത്ത് റോഡ് ടെസ്റ്റ് പാസാക്കുന്നതിൽ ഒതുങ്ങില്ല. കാൽനടയാത്രക്കാരുടെ സുരക്ഷയും റോഡ് അരികിലെ പാർക്കിങ് മാനദണ്ഡങ്ങളും ഉൾപ്പെടുത്തി സമഗ്രമായ പരിശീലനം നൽകണം എന്നതാണ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ നിർദ്ദേശം. ഡ്രൈവിങ് സ്കൂളുകൾ ഈ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് മിന്നൽ പരിശോധനകൾ നടത്താനുള്ള ഉത്തരവുമുണ്ട്.
കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. മരണപ്പെടുന്നവരും ഗുരുതരമായി പരിക്കേല്‍ക്കുന്നവരും ഏറെയാണ്. ഇതേത്തുടര്‍ന്നാണ് കാല്‍നടയാത്രക്കാരുടെ സുരക്ഷയിലും റോഡരികിലെ പാര്‍ക്കിങ്ങിലും പരിശീലനം കര്‍ശനമാക്കാന്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. പ്രധാനറോഡുകളുടെ അരികില്‍ ഉള്‍പ്പെടെ മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ കാഴ്ചമറച്ചും കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ കഴിയാത്ത രീതിയില്‍ ഫുട്പാത്തില്‍ ഉള്‍പ്പെടെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത്തരത്തിലുള്ള പാര്‍ക്കിങ് സുഗമമായ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുകയും ഗതാഗതക്കുരുക്കിനു കാരണമാകുകയും ചെയ്യുന്നു.
എല്ലാ ഡ്രൈവർമാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- റോഡുകളിൽ കാൽനടയാത്രക്കാരും, സൈക്കിള്‍ യാത്രികരും, ഇരുചക്രവാഹന യാത്രികരുമാണ് അപകടസാധ്യത കൂടുതലുള്ള വിഭാഗം, അതിനാൽ ഇവർക്കാണ് മുൻഗണന നൽകേണ്ടത്.
- ഓട്ടോറിക്ഷ, കാർ, ചരക്ക് വാഹനങ്ങൾ, ബസ് തുടങ്ങിയവയുടെ ഡ്രൈവർമാർ ഈ വിഭാഗത്തിന്റെ സുരക്ഷയും സൗകര്യവും മുൻനിർത്തിയിരിക്കണം.
- ആവശ്യമായ അവസരങ്ങളിൽ മാത്രമേ ഹോൺ മുഴക്കാവൂ, പതിവായി ഹോൺ ഉപയോഗിക്കുന്നത് നിയമലംഘനമാണ്.
ഇത്തരം കാര്യങ്ങളെക്കുറിച്ച് ഡ്രൈവിങ് പരിശീലകര്‍ പരിശീലനത്തിനായി എത്തുന്നവരെ ബോധവാന്മാരാക്കണം. നിർദ്ദേശം അവഗണിക്കുന്ന പരിശീലകരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും, അംഗീകൃത റിഫ്രഷർ ട്രെയിനിംഗിൽ നിർബന്ധമായും പങ്കെടുക്കണം എന്നതും നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നു.



