കോഴിക്കോട് മെഡിക്കൽ കോളേജിൽ നാടകീയ രംഗങ്ങൾ…. വാട്ടർ ടാങ്കിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് വാട്ടർ ടാങ്കിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. മഞ്ചേരി സ്വദേശിയായ സൈനുദ്ദീനാണ് ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം നടത്തിയത്. നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ സാഹസികമായി താഴെയിറക്കി.
കൈയ്യിൽ കല്ലും, കുപ്പിച്ചില്ലുകളും, ബ്ലെയ്ഡുമായി ടാങ്കിന് മുകളിൽ കയറിയ സൈനുദ്ദീൻ താഴെയിറങ്ങാൻ വിസമ്മതിക്കുകയായിരുന്നു. ഇയാൾ സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ചതും ആശങ്ക വർധിപ്പിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഏറെനേരം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വാട്ടർ ടാങ്കിന് മുകളിൽ കയറി സൈനുദ്ദീനെ ബലമായി കീഴ്പ്പെടുത്തിയാണ് താഴെയിറക്കിയത്. ഫയർഫോഴ്സിനൊപ്പം മെഡിക്കൽ കോളേജ് പൊലീസും ദൗത്യത്തിൽ പങ്കാളികളായി. യുവാവിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ എന്തിനാണ് ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



