മാവേലിക്കരയിൽ നാടകീയ നീക്കങ്ങൾ… ബിനു വീണ്ടും കാലുവാരി… ചെയർമാൻ രാജിവെച്ച സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പടിയിറക്കിയ മുൻ ചെയർമാൻ തിരഞ്ഞെടുക്കപ്പെട്ടു…
മാവേലിക്കര: തന്നെ പുറത്താക്കിയ കോൺഗ്രസിനോട്, മധുരപ്രതികാരം വീട്ടി മുൻ ചെയർമാൻ. നിലവിലെ ചെയർമാൻ രാജിവെച്ച വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായി മുൻ ചെയർമാൻ കെ.വി.ശ്രീകുമാർ തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം പിൻതുണയോടെയാണ് സ്വതന്ത്രനായ ശ്രീകുമാർ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. നൈനാൽ.സി.കുറ്റേശ്ശേരി നഗരസഭ ചെയർമാനായതോടെയാണ് അദ്ദേഹം വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ഇതോടെ, ഒഴിവുവന്ന അംഗത്തിന്റെയും അദ്ധ്യക്ഷന്റെയും തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗമായിരുന്ന യു.ഡി.എഫ് ചെയർമാൻ കൂടിയായ കെ.ഗോപനെ ഈ കമ്മറ്റിയിൽ നിന്ന് രാജിവെപ്പിച്ച് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി മത്സരിപ്പിച്ച് ജയിപ്പിക്കാനും അദ്ധ്യക്ഷനാക്കാനുമായിരുന്നു യു.ഡി.എഫ് തീരുമാനം. എന്നാൽ കഴിഞ്ഞ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഒപ്പം നിന്ന് ബിനു വർഗ്ഗീസ് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത് കോൺഗ്രസിന് തിരിച്ചടിയായി. ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.വി.ശ്രീകുമാറിനും കെ.ഗോപനും 9 വോട്ടുകൾ വീതം ലഭിക്കുകയും നറുക്കെടുപ്പിൽ ശ്രീകുമാർ തിരഞ്ഞടുക്കപ്പെടുകയുമായിരുന്നു. കെ.വി.ശ്രീകുമാറിനെ കൂടാതെ കോൺഗ്രസിൽ നിന്ന് അനി വർഗ്ഗീസ്, ലളിതാ രവീന്ദ്രനാഥ്, എൽ.ഡി.എഫിൽ നിന്ന് തോമസ് മാത്യു, ചിത്ര ആശോക് എന്നിവരാണ് വികസനകാര്യ സ്ഥിരം സമിതി അംഗങ്ങൾ. പിന്നീട് നടന്ന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിൻതുണയോടെ ശ്രീകുമാർ അദ്ധ്യക്ഷനാകുകയായിരുന്നു. ഇതിന് പിന്നാലെ കെ.ഗോപൻ രാജിവെച്ച ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് വീണ്ടും മത്സരിക്കുകയും അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.




