ഡോ വന്ദന ദാസ് കേസ്…സാക്ഷി വിസ്താരത്തിന് സന്നദ്ധത അറിയിച്ച് പ്രോസിക്യൂഷൻ
കൊട്ടാരക്കര ഗവ.ആശുപത്രിയിൽ വെച്ച് കൊലചെയ്യപ്പെട്ട ഡോ.വന്ദനാ ദാസ് വധക്കേസിലെ പ്രതി സൻ്റീപിൻ്റെ ജാമ്യഹർജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിൽ കേസിലെ സാക്ഷി വിസ്താരത്തിന് തയാറാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മുമ്പ് കോടതിയിൽ കേസ് വിചാരണക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം നടന്ന പ്രതിയുടെ മാനസീക നില പരിശോധനയിൽ പ്രതിക്ക് വിചാരണ നേരിടാൻ മാനസീകമായി ബുദ്ധിമുട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതി ബോധിപ്പിച്ചിരുന്ന ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിക്കളഞ്ഞത്.
കേസിലെ സാക്ഷി വിസ്താരത്തിനായി കേസ് ലിസ്റ്റ് ചെയ്യണമെന്നും കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കൽ വിചാരണ നടക്കുന്ന കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ ആവശ്യപ്പെട്ടത്. തുടർന്ന് കേസ് വിചാരണക്കായി ഷെഡ്യൂൾ ചെയ്യുന്നതിനായി കോടതി കേസ് ഡിസംബർ 30 ലേക്ക് മാറ്റി.
കേസിലെ പ്രതിയുടെ മാനസിക നിലയിൽ പ്രാസിക്യൂഷന് യാതൊരു വിധ സംശയവുമില്ലെന്ന നിലപാടാണ് പ്രോസിക്യൂഷൻ തുടക്കം മുതൽ തന്നെ സ്വീകരിച്ചിരുന്നത്. കേസിൻ്റെ ആദ്യ ഘട്ടത്തിൽ പ്രതിയുടെ മാനസിക നില പരിശോധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇപ്പോൾ നടന്ന പരിശോധനയിലും പ്രതി മാനസികമായി ആരോഗ്യവാനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി നിശ്ചയിക്കുന്ന ഏത് തീയതിയിലും സാക്ഷി വിസ്താരം ആരംഭിക്കുവാൻ പ്രോസിക്യൂഷൻ തയ്യാറാണെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കിയത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.