‘അറിയില്ലെങ്കിൽ വിവരക്കേട്‌ ഛർദ്ദിക്കരുത്‌’; ‘ഡിപ്രഷൻ’ പരാമർശത്തിൽ നടി കൃഷ്ണപ്രഭയ്‌ക്കെതിരെ ഡോ. ഷിംന അസീസ്

ഡിപ്രഷനെതിരെയുളള നടി കൃഷ്ണപ്രഭയുടെ പരാമർശത്തിനെതിരെ ആരോഗ്യപ്രവർത്തകയായ ഡോ. ഷിംന അസീസ് രംഗത്ത്. കൃഷ്ണപ്രഭ പറഞ്ഞത് വിവരക്കേടല്ല, തെമ്മാടിത്തരമാണ്‌ എന്നും സിനിമാനടി കരുതുന്നത്‌ പോലെ വിഷാദരോഗികൾ പണിയെടുക്കാൻ മടിച്ച്‌ ഒരു മൂലക്ക്‌ ചുരുണ്ടുകൂടി കിടക്കുന്നവരാവണമെന്നില്ല എന്നും ഷിംന അസീസ് വിമർശിച്ചു. അറിയില്ലെങ്കിൽ വായ തുറന്ന്‌ വിവരക്കേട്‌ ഛർദ്ദിക്കരുത്‌ എന്നും പരാമർശം തിരുത്തുമെന്നും വിഷാദരോഗികളെ കൂടുതൽ ഉപദ്രവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷിംന അസീസ് കുറിച്ചു.

“ഡിപ്രഷൻ ഉണ്ടെന്ന്‌ പറയുന്നവർക്ക്‌ പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാത്തത്‌ കൊണ്ടാണ്‌, അവർക്ക്‌ ധാരാളം സമയമുണ്ട്‌, പണ്ട്‌ നമ്മൾ ‘വട്ട്‌’ എന്ന്‌ പറഞ്ഞിരുന്നു. ഇപ്പോൾ പേരൊക്കെ മാറ്റിയെന്നേ ഉള്ളൂ” എന്നിങ്ങനെ മൊഴിമുത്തുകൾ വാരിവിതറി കൃഷ്‌ണപ്രഭ എന്ന നടി അട്ടഹസിക്കുന്ന ആഭാസവീഡിയോ കണ്ടിരുന്നു.

ഞാനൊരു മെഡിക്കൽ ഡോക്ടർ ആണ്‌, വിഷാദരോഗിയുമാണ്‌. 2019 ജനുവരി മുതൽ എൻ്റെ രോഗത്തിന്‌ മരുന്ന്‌ കഴിക്കുന്നുണ്ട്‌. ഡിപ്രഷന്‌ മരുന്ന്‌ കഴിച്ച്‌ കൊണ്ട്‌ തന്നെയാണ്‌ എൻ്റെ വ്യക്‌തിപരമായ ജീവിതത്തിലെ കാര്യങ്ങൾ നടത്തുന്നതും, ജോലി ചെയ്യുന്നതും, സകല പൊതുവേദികളിലും പ്രത്യക്ഷപ്പെടുന്നതും, ലൈവ്‌ ന്യൂസ്‌ ക്യാമറക്ക്‌ മുന്നിൽ ഉൾപ്പെടെ കൃത്യമായി സംസാരിക്കുന്നതും, സാമൂഹികകാര്യങ്ങളിൽ ഇടപെടുന്നതും അതിന്‌ വേണ്ടി കോളുകൾ നടത്തുന്നതും എണ്ണമറ്റ പരിപാടികളിൽ സംബന്ധിക്കുന്നതുമെല്ലാം. ബഹുമാനപ്പെട്ട സർവ്വവിജ്‌ഞാനകോശമായ സിനിമാനടി കരുതുന്നത്‌ പോലെ വിഷാദരോഗികൾ പണിയെടുക്കാൻ മടിച്ച്‌ ഒരു മൂലക്ക്‌ ചുരുണ്ടുകൂടി കിടക്കുന്നവരാവണമെന്നില്ല. ഞങ്ങളിൽ ഭൂരിപക്ഷവും ഓരോ പണിയും സാധാരണ മനുഷ്യർ എടുക്കുന്നതിൻ്റെ മൂന്നിരട്ടി അധ്വാനമെടുത്ത്‌ ചെയ്യേണ്ട നിർബന്ധിതാവസ്‌ഥയുള്ള, വല്ലാതെ ബുദ്ധിമുട്ടുന്ന മനുഷ്യരാണ്‌. കുറച്ചധികം തൂവലിൻ്റെ വ്യത്യാസമുണ്ട്‌.

രോഗി മനപ്പൂർവ്വം മെനഞ്ഞെടുക്കുന്ന ഒരു ചിന്താരീതിയോ ഒരവസ്‌ഥയോ അല്ല ഡിപ്രഷൻ, മറിച്ച്‌ ചികിത്സയുള്ള രോഗമാണ്‌. ഈ രോഗത്തിന്‌ ഇടക്കിടെ റിലാപ്‌സ്‌ പിരീഡുകൾ വരാം. എനിക്ക്‌ രോഗം കണ്ടെത്തിയത്‌ മുതലുള്ള ആറ്‌ വർഷത്തിൽ ഇടക്ക്‌ ശരിക്കും മാറിയത്‌ പോലെയാകും, സന്തോഷമൊക്കെ തോന്നിത്തുടങ്ങും, മനസ്സിനുള്ളിൽ നിന്ന്‌ തന്നെ ചിരി വന്ന്‌ തുടങ്ങും. ചിലപ്പോൾ മൊത്തം കൈയ്യീന്ന്‌ പോകും. ഈ സഹന കാലയളവ്‌ അടുപ്പമുള്ളവർക്കല്ലാതെ മനസ്സിലാകുക പോലുമില്ല.

വിഷാദരോഗം പുറത്ത്‌ പറഞ്ഞൂടാത്ത ഒരു ആണവരഹസ്യമോ ബലഹീനതയോ അല്ല. ആർക്കെങ്കിലും എന്തെങ്കിലും കുറവുകളുള്ളത്‌ കൊണ്ടുമല്ല ഈ രോഗം വരുന്നത്. ബുദ്ധിമുട്ടുകൾ തുറന്ന്‌ പറയണം, സമയത്തിന്‌ കൃത്യമായ ചികിത്സ തേടണം, ശരീരത്തിൻ്റെ പുറമേക്കുള്ള രോഗം ഗൗരവതരമായി കാണുന്നത്‌ പോലെ മനസ്സിനെ വഹിക്കുന്ന തലച്ചോറ്‌ രോഗിയുടെ സ്വസ്‌ഥതയും സമാധാനവും കുത്തിപ്പറിക്കുന്നത്‌ സമൂഹം സീരിയസായി കാണണം എന്നത്‌ കൊണ്ടാണ്‌ കാര്യങ്ങൾ തുറന്നെഴുതുന്നത്‌. ഇതിൻ്റെ പേരിൽ ആരെങ്കിലും എന്നെ മാറ്റി നിർത്തിയാൽ അതവരുടെ നിലവാരമില്ലായ്‌മയും അന്തക്കേടുമായി മാത്രമേ കരുതുന്നുള്ളൂ. എനിക്ക്‌ എന്നെ തിരിച്ചറിയുന്ന ചുരുക്കം വിലപിടിച്ച ബന്ധങ്ങളുണ്ട്‌. ഓരോ വിഷാദരോഗിക്കും ചുറ്റും ഇതുപോലെ ഒരു കൂട്ടം ഉണ്ടാവേണ്ടതുണ്ട്.

വിദ്യാഭ്യാസവും ലോകവിവരവുമുള്ള പല കുടുംബങ്ങളും സുഹൃത്തുക്കളും പോലും വിഷാദരോഗിയോട്‌ പറയാറ്‌ “നിനക്ക്‌ ദൈവഭക്‌തി ഇല്ലാഞ്ഞിട്ടാണ്‌, നെഗറ്റീവ്‌ ചിന്താഗതി കൊണ്ടാണ്‌, സ്വാർത്ഥത കൊണ്ടാണ്, ഞങ്ങളോട്‌ സ്‌നേഹം ഇല്ലാഞ്ഞിട്ടാണ്‌” എന്നൊക്കെയാണ്‌. സ്വന്തം പ്രശ്‌നം ഒന്ന്‌ പരുവപ്പെടുത്തി തുറന്ന്‌ സംസാരിക്കാനുള്ള ഊർജമോ കെൽപ്പോ ഇല്ലാതെ ഉഴറുന്നവരാണിത്‌ കേൾക്കുന്നതെന്നോർക്കണം! സ്വയം മനസ്സിലാക്കാൻ സാധിക്കാത്തവർ ആരെ എന്ത് പറഞ്ഞ്‌ മനസ്സിലാക്കാൻ? പതിനഞ്ച് മിനിറ്റ്‌ ഇരുന്ന്‌ പൊട്ടിക്കരയുന്ന ഒരാളെ ആശ്വസിപ്പിക്കുന്നത്‌ പോലെയല്ല മാസക്കണക്കിന്‌ ഫ്യൂസ്‌ പോയ പോലെയിരിക്കുന്നൊരാളെ മാനേജ്‌ ചെയ്യൽ. പലപ്പോഴും വേണ്ടപ്പെട്ടവർക്കും മടുക്കും, വെറുപ്പ്‌ കാണിച്ച്‌ തുടങ്ങും. വിഷാദരോഗി അവർക്ക്‌ ചുറ്റുമുള്ള സമൂഹത്തിന്‌ വലിയൊരു സമ്മർദം തന്നെയാണ്‌. അത്‌ മനസ്സിലാക്കാൻ ഉള്ള സമൂഹത്തിൻ്റെ മനോവിശാലതയും ആർജവവും ചവിട്ടിക്കെടുത്തുക കൂടിയാണ്‌ ഈ സാമാന്യബോധമില്ലാത്ത ജൽപനങ്ങൾ നടത്തുന്നവർ ചെയ്യുന്നത്‌.

കഴിഞ്ഞ രണ്ട്‌ വർഷങ്ങളിൽ എടുത്ത ഓരോ സിക്ക്‌ ലീവും ചില ദിവസങ്ങളിൽ രാവിലെ കിടക്കയിൽ നിന്ന്‌ എഴുന്നേൽക്കാൻ പറ്റാത്ത വിധം തോന്നിയ ശാരീരികമായ ക്ഷീണം കൊണ്ടാണ്‌. കാലങ്ങളായുള്ള വിഷാദരോഗം പലപ്പോഴും അകാരണമായ തലവേദനയും ശാരീരികവേദനയും തളർച്ചയും ദഹനപ്രശ്‌നങ്ങളും അമിതവണ്ണവും ആർത്തവക്രമക്കേടുമൊക്കെ ആയി വിഷാദരോഗികൾക്ക് പുറമേക്ക്‌ പ്രത്യക്ഷപ്പെടാറുണ്ട്‌. വിവേകമുള്ള ഒരു സീനിയർ ഡോക്ടറെ മേലുദ്യോഗസ്‌ഥനായി കിട്ടിയത്‌ കൊണ്ട്‌ തന്നെ സിക്ക്‌ ലീവ്‌ പറയാൻ വിളിച്ചാൽ “വയ്യല്ലേ? വല്ലതും കഴിച്ചിട്ടുണ്ടോ നീ? റെസ്‌റ്റ്‌ എടുക്ക്‌, ലാപ്‌റ്റോപും ഫോണുമൊക്കെ മാറ്റി വെച്ചേക്ക്‌. അതൊക്കെ നമുക്ക് പിന്നെ നോക്കാം” എന്ന്‌ മാത്രമേ പറയാറുള്ളൂ. ഈ വയ്യായ്‌ക ഒരിക്കൽ പോലും എന്നോട്‌ പബ്ലികായി മെൻഷൻ ചെയ്യാതെ, മരുന്ന്‌ കഴിക്കുന്നത്‌ വല്ലപ്പോഴും സ്വകാര്യമായി അന്വേഷിക്കുന്നതിൽ കഴിയുന്നു കാര്യം. ഈ സപ്പോർട്‌ എല്ലാവർക്കുമുള്ള ഭാഗ്യമല്ല.

മാസക്കണക്കിനും വർഷക്കണക്കിനും അത്‌ അനുഭവിക്കുന്നവരാണ്‌. അറിയില്ലെങ്കിൽ വായ തുറന്ന്‌ വിവരക്കേട്‌ ഛർദ്ദിക്കരുത്‌. ‘മൗനം വിദ്വാന്‌ ഭൂഷണം, തഥൈവ വിഡ്‌ഢിക്കും’ എന്നാണല്ലോ. തിരുത്തുമെന്ന്‌ പ്രതീക്ഷിക്കൂന്നു, കൂടുതൽ ഉപദ്രവിക്കില്ലെന്നും.’ ‘, ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button