ഡോ. രാജീവ് കുമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ചട്ടങ്ങള്‍ ലംഘിച്ച്…
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ഡോ. രാജീവ് കുമാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ചട്ടങ്ങള്‍ ലംഘിച്ച്. ആശുപത്രിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പാടില്ലെന്നിരിക്കെയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം ഇയാള്‍ പ്രാക്ടീസ് നടത്തുന്നത്.
ഗവ. സെര്‍വന്റ്‌സ് കോണ്ടക്ട് റൂള്‍ പ്രകാരം ആശുപത്രിക്ക് സമീപമോ ലാബ്, സ്‌കാനിംഗ് കേന്ദ്രം, ഫാര്‍മസി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കൊപ്പമോ വ്യാവസായിക ആവശ്യത്തിന് നിര്‍മിച്ച കെട്ടിടങ്ങളിലോ സ്വകാര്യ പ്രാക്ടീസ് പാടില്ലെന്നാണ് അനുശാസിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡോക്ടര്‍ രാജീവ് കുമാര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള വാണിജ്യ കെട്ടിടത്തിലാണ് സ്വകാര്യ പ്രാക്ടീസ് നടത്തിവരുന്നത്. ഇതേ കെട്ടിടത്തില്‍ ഫാര്‍മസികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
സര്‍ജറി വേഗത്തിലാക്കാനായി സുമയ്യയില്‍ നിന്ന് 4000 രൂപയാണ് രാജീവ് കുമാര്‍ വാങ്ങിയത്. രോഗിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് വരാന്‍ പാടില്ലെന്ന നിര്‍ബന്ധ ബോര്‍ഡും ഈ ക്ലിനിക്കിന് സമീപം സ്ഥാപിച്ചിട്ടില്ല. രാജീവ് കുമാറിന്റെ യോഗ്യതയും പരസ്യപ്പെടുത്തിയിരിക്കുന്നത് ചട്ടലംഘനമാണ്. സുമയ്യ ഡിഎംഒയ്ക്ക് പരാതി കൊടുത്തതിന് പിന്നാലെ രാജീവ് അവധിയില്‍ പോയിരിക്കുകയാണ്. ഈ മാസം 31 വരെ സ്വകാര്യ പ്രാക്ടീസ് ഉണ്ടായിരിക്കില്ലെന്ന പോസ്റ്ററും ക്ലിനിക്കിന് മുന്നില്‍ പതിപ്പിച്ചിട്ടുണ്ട്.