തൃശൂരിൽ അന്നത്തെ കളക്ടർക്കും ഇരട്ട വോട്ട്…തെളിവുമായി സിപിഐ…
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തൃശൂർ മണ്ഡലത്തിലെ വോട്ടർപട്ടിക തയ്യാറാക്കിയതിൽ ചട്ടവിരുദ്ധമായ നടപടികൾ നടന്നുവെന്ന് പുതിയ ആരോപണവുമായി സിപിഐ രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നതെന്നും അതിനാൽ പട്ടിക റദ്ദാക്കണമെന്നും സിപിഐ നേതാവ് വിഎസ് സുനിൽകുമാർ ആവശ്യപ്പെട്ടു.
വരണാധികാരിയായിരുന്ന അന്നത്തെ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയ്ക്കും ഇരട്ട വോട്ട് ഉണ്ടെന്ന് ആരോപിക്കുന്ന സിപിഐ കളക്ടറുടെ ഇരട്ട വോട്ടിൻ്റെ തെളിവുകളും പുറത്തുവിട്ടു. ശോഭാ സിറ്റിയിലെ 17 വോട്ടുകൾ അതേ വിലാസത്തിൽ ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിൽ ചേർത്തിട്ടുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടി.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾക്ക് മറുപടി നൽകാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒളിച്ചുകളിക്കുകയാണെന്നും സുനിൽകുമാർ ആരോപിച്ചു. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സി.പി.ഐയുടെ തീരുമാനം.