ടോയ്‌ലെറ്റിൽ പോകുമ്പോൾ മൊബൈൽ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? ഇതൊന്ന് അറിഞ്ഞോളൂ…
ടോയ്ലറ്റ് ഉപയോഗത്തിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ നിരവധിയാണ്. നിങ്ങളിൽ പലരും ഇപ്പോഴും അത് ചെയ്യാറുണ്ടാകും. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് പഠനങ്ങളും പുറത്തുവന്നിരുന്നു. ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ സമയം ചെലവഴിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ ഫോൺ നോക്കുന്നത് ഒരു സാധാരണ ശീലമാണെങ്കിലും, ഇത് ഉപേക്ഷിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. ഇല്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ്.
കിട്ടുന്ന അല്‍പം സമയത്ത് സോഷ്യല്‍മീഡിയയിലെ ഒരു റീല്‍ അധികം കാണാന്‍ കഴിയുമെങ്കില്‍ അതാകാം എന്ന് കരുതുന്ന ആളുകളാണ് ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവരിലേറെയും. ടോയ്‌ലെറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ബാക്ടീരിയ പടരുന്നതിന് കാരണമാകുന്നുണ്ട്.
അമേരിക്കൻ ജേണൽ ഓഫ് ഇൻഫെക്ഷൻ കൺട്രോൾ അനുസരിച്ച്, നിങ്ങൾ ഫ്ലഷ് ചെയ്യുമ്പോൾ ടോയ്‌ലറ്റിന്റെ ഉള്ളടക്കങ്ങൾ (വെള്ളവും അണുക്കളും) വായുവിൽ വലിച്ചെറിയപ്പെടും. ടോയ്‌ലറ്റിന്റെ അടപ്പ് അടച്ചില്ലെങ്കിൽ, നിങ്ങളുടെ കൈകൾ, ബാത്ത്റൂം ഉപരിതലങ്ങൾ, ടൂത്ത് ബ്രഷുകൾ, ഷാംപൂ കുപ്പികൾ എന്നിവയിൽ എല്ലാം ബാക്റ്റീരിയകൾ കടന്ന് അവയെല്ലാം മലിനമാക്കും.
കൂടതെ കൈയിലുള്ള ഫോണിലൂടെ വാഷ്‌റൂമിന് പുറത്തേക്കും ബാക്റ്റീരിയകൾ വരും. ഇങ്ങനെ പുറത്തെത്തുന്ന ബാക്ടീരിയ വയറുവേദനയ്‌ക്കോ മറ്റ് അസുഖങ്ങള്‍ക്കോ കാരണമാകുന്നു. ഫോണില്‍ സ്‌ക്രോള്‍ ചെയ്ത് ഒരുപാട് നേരം ടോയ്‌ലെറ്റില്‍ ഇരിക്കുന്നതിലൂടെ മലാശയത്തിലെ സിരകളില്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാവുകയും മൂലക്കുരുവിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. കിവി പഴം, ഡ്രാഗണ്‍ ഫ്രൂട്ട്, ആപ്പിള്‍, പിയേഴ്‌സ്, പ്‌ളം, വിറ്റാമിന്‍ സി തുടങ്ങിയവ കഴിക്കണം. മഗ്‌നീഷ്യം ഓക്‌സൈഡ് അല്ലെങ്കില്‍ മഗ്‌നീഷ്യം സിട്രേറ്റ് പോലുള്ള വസ്തുക്കള്‍ അടങ്ങിയ സപ്ലിമെന്റ് കഴിക്കുന്നതും മലബന്ധം അകറ്റും.
കൂടാതെ തെറ്റായ ഇരുത്തം നടുവേദനക്കും നീണ്ടനേരം ഫോണിലേക്ക് നോക്കുന്നത് കഴുത്ത് വേദനക്കും കാരണമാകുന്നു. പുസ്തകം ഉപയോഗിക്കാമോ എന്ന് ചോദിക്കുന്നവരുണ്ട്. കൂടുതല്‍ സമയം അവിടെ ചെലവഴിക്കാതിരിക്കുക. പുസ്തകമോ മൊബൈല്‍ഫോണോ മറ്റെന്ത് സാധനങ്ങളും ടോയ്‌ലെറ്റിലേക്ക് കൊണ്ടുപോവാതിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.