മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത്; കെ മുരളീധരന്‍

നിയമസഭ തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള രണ്ട് ദിവസത്തെ കെപിസിസി ലീഡേഴ്‌സ് മീറ്റ് ആരംഭിച്ചു. കെപിസിസി ഭാരവാഹികള്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. മുതിര്‍ന്ന നേതാക്കളില്‍ പലരും ക്യാമ്പില്‍ സംസാരിച്ചു.

മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത്. സമുദായ സംഘടനകളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. 2019ലെ ലോക്‌സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു. അതേ സമയം ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്ന് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂര്‍ പറഞ്ഞു.

 ലീഡേഴ്‌സ് മീറ്റില്‍ കോണ്‍ഗ്രസ് അംഗവും രാഷ്ട്രീയ തന്ത്രജ്ഞനുമായ സുനില്‍ കനഗോലു പങ്കെടുക്കുന്നുണ്ട്. ജയസാധ്യത സംബന്ധിച്ച പഠനം കനഗോലുവാണ് നടത്തുന്നത്. ഈ  പഠനത്തിലെ വിവരങ്ങള്‍ കനഗോലു അവതരിപ്പിച്ചേക്കും. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷന്‍ 2026 രേഖ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അവതരിപ്പിക്കും. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റുകള്‍ നേടുകയാണ് ലക്ഷ്യം. രണ്ട് ഘട്ടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കലാണ് ലക്ഷ്യം.

ഇപ്പോള്‍ മൂന്ന് മേഖലകളാക്കി തിരിച്ചുകൊണ്ടുള്ള ഗ്രൂപ്പ് ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യും. തെക്കന്‍ മേഖല പി സി വിഷ്ണുനാഥ്, മധ്യമേഖല എ പി അനില്‍കുമാര്‍, വടക്കന്‍ മേഖല ഷാഫി പറമ്പില്‍ എന്നിവരുടെ അധ്യക്ഷതയിലാണ് ചര്‍ച്ച നടക്കുന്നത്.

Related Articles

Back to top button