ഡിഎംകെ ദുഷ്ടശക്തി, ടിവികെ ശുദ്ധം ; വീണ്ടും കളം പിടിച്ച് വിജയ്

കരൂര്‍ ദുരന്തത്തിന് പിന്നാലെ നേരിട്ട പ്രതിസന്ധിയെ മറികടന്ന് നടന്‍ വിജയുടെ തിരിച്ചുവരവിന് വഴിയൊരുക്കി ഈറോഡിലെ മഹാറാലി. സെപ്തംബര്‍ 27 ന് 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തിന് ശേഷം നടന്ന വിജയ്‌യുടെ മൂന്നാമത്തെ പൊതുപരിപാടിയാണ് ഇന്ന് ഈറോഡില്‍ നടന്നത്. ഭരണകക്ഷിയായ ഡിഎംകെയെ കടന്നാക്രമിച്ച വിജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തുടര്‍ച്ചയാണ് പ്രസംഗത്തിലുടനീളം മുഴങ്ങിക്കേട്ടത്. കരൂർ അപകടത്തിന് ശേഷം കഴിഞ്ഞ മാസം കാഞ്ചീപുരത്തും പിന്നാലെ ഈ മാസം പോണ്ടിച്ചേരിയിലും വിജയ്‌യുടെ പൊതുപരിപാടി നടന്നിരുന്നു.
ഡിഎംകെ ദുഷ്ടശക്തിയാണെന്നും ടിവികെ ശുദ്ധമാണെന്നും വിജയ് പറഞ്ഞു. പെറ്റമ്മ നല്‍കുന്ന ധൈര്യത്തേക്കാള്‍ വലുത് വേറെയില്ല. അത്തരം ധൈര്യമാണ് ഇവിടെ അമ്മമാരും പെങ്ങന്മാരും എനിക്ക് നല്‍കുന്നത്. 10-ാം വയസ്സില്‍ സിനിമയില്‍ വന്നതാണ്. അപ്പോള്‍ മുതല്‍ ഇവിടെയുണ്ട്. വിജയ്‌ക്കെതിരെ അപവാദം പറയുന്നവര്‍ക്ക് അറിയില്ല ഇത് ഇന്നലെ പൊട്ടിമുളച്ചതല്ലെന്ന്. എല്ലാം ഉപേക്ഷിച്ച് മക്കള്‍ക്കായി വന്ന വിജയിയെ മക്കള്‍ ഒരിക്കലും കൈവിടില്ല. നിങ്ങള്‍ കൂടെ നില്‍ക്കില്ലേയെന്നും വിജയ് പറഞ്ഞു. ഡിഎംകെയ്ക്ക് കൊള്ളയടിച്ച കാശാണ് തുണ. തനിക്ക് ജനപിന്തുണയാണ് തുണ. നിങ്ങള്‍ക്ക് വേണ്ടിയാണ് വന്നത്. ജീവിതം മുഴുവന്‍ നിങ്ങളോട് നന്ദിയോടെ പ്രവര്‍ത്തിക്കും. പെരിയാര്‍ എന്നുപറഞ്ഞ് ദയവുചെയ്ത് കൊള്ളയടിക്കരുത്. നമ്മുടെ രാഷ്ട്രീയ എതിരാളി ഡിഎംകെയാണ്. പ്രത്യയശാസ്ത്ര എതിരാളി ബിജെപിയുമാണെന്നും വിജയ് പറഞ്ഞു.



