പുതിയ രാഷ്ട്രീയ കൂട്ടുകെട്ട്; വിജയകാന്തിന്റെ ഡിഎംഡികെ ഡിഎംകെ മുന്നണിയിലേക്ക്

തിരഞ്ഞെടുപ്പ് അടുത്ത തമിഴ്‌നാട്ടിൽ ഡിഎംകെ പ്രതീക്ഷകൾ വർധിപ്പിച്ച് പുതിയ രാഷ്ട്രീയ സഖ്യം. ഭരണകക്ഷിയായ ഡിഎംകെയും അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെയും ഒന്നിച്ച് പ്രവർത്തിക്കും. ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

തമിഴ്നാടിന്റെ സമഗ്ര പുരോഗതിക്കും ‘ദ്രാവിഡ മോഡൽ’ ഭരണത്തിന്റെ തുടർച്ചയ്ക്കും ഒന്നിച്ച് പ്രവർത്തിക്കും എന്ന് പ്രേമലത വിജയകാന്ത് പ്രതികരിച്ചു. എക്‌സ് പോസ്റ്റിലായിരുന്നു പ്രതികരണം. പ്രേമലതയുടെ വരവ് തമിഴ്നാടിന്റെ അഭിവൃദ്ധിക്ക് കാരണമാകുമെന്ന് പ്രത്യാശിക്കുന്നു എന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എം കെ സ്റ്റാലിൻ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ ഉൾപ്പെടെ മുന്നണി 200-ലധികം സീറ്റുകളിൽ വിജയിക്കുമെന്ന് പ്രേമലത പറഞ്ഞു. ഡിഎംകെ – ഡിഎംഡികെ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കേണ്ട കാലം വൈകി എന്നും പ്രേമലത് പറയുന്നു. ക്യാപ്റ്റൻ വിജയകാന്ത് ജീവിച്ചിരുന്നപ്പോൾ തന്നെ ഈ സഖ്യം രൂപപ്പെടേണ്ടതായിരുന്നു. കൂട്ടായ്മയിൽ പ്രവർത്തകർക്കും വലിയ താല്പര്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

2011 മുതൽ എഐഎഡിഎംകെയുടെ ഭാഗമായിരുന്നു ഡിഎംഡികെ. പാർട്ടിയുടെ മുന്നണി മാറ്റം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തൽ. തമിഴ്‌നാട്ടിൽ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന എൻഡിഎയുടെ പ്രതീക്ഷകൾക്കും നീക്കം തിരിച്ചടിയായേക്കും.

Related Articles

Back to top button