ദിവ്യയുടെ കീഴടങ്ങൽ കൃത്യമായ പ്ലാനിങ്ങോടെ…ഒളിച്ചത് ഇവിടങ്ങളിൽ…
എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നാലെ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു . വിവാദ പ്രസംഗത്തിന് ശേഷം പി പി ദിവ്യ ആദ്യമെത്തിയത് ഇരിണാവിലെ സ്വന്തം വീട്ടിലേക്കായിരുന്നു. തൊട്ടടുത്ത ദിവസമാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിമർശനം ശക്തമായതോടെ പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റി.ഇതോടെ ദിവ്യ പഴയങ്ങാടിക്കടുത്തുള്ള മാടായിയിലെ ബന്ധുവീട്ടിലേക്ക് മാറി. അവിടെനിന്നും പയ്യന്നൂർ സഹകരണ ആശുപത്രിയിലേക്ക് എത്തിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദിവസം ആശുപത്രിയിലായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയെന്ന വാദത്തെ ആശുപത്രി അധികൃതർ നിഷേധിച്ചു. ഇന്ന് രാവിലെ വരെ സഹകരണ ആശുപത്രിയിൽ തുടർന്ന പി പി ദിവ്യ പൊലീസ് എത്തിയതോടെ വീണ്ടും മാടായിയിലെ ബന്ധുവീട്ടിലെത്തി.
ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും പാർട്ടിയുടെ നിർദ്ദേശപ്രകാരം കീഴടങ്ങാൻ തയ്യാറാവുകയുമായിരുന്നു. കീഴടങ്ങൽ അറസ്റ്റ് ചെയ്തത് പോലെയാക്കാനായിരുന്നു നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എ സി പി ഉച്ചതിരിഞ്ഞ് കണ്ണപുരത്ത് എത്തി. രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പമായിരുന്നു എസിപി എത്തിയത്. പി പി ദിവ്യ പറഞ്ഞ സ്ഥലത്ത് പൊലീസ് വാഹനം നിർത്തി. പിന്നാലെ പൊലീസ് വാഹനത്തിൽ കയറി നേരെ കണ്ണൂരിലേക്കെത്തി.
സിപിഐഎം നിർദേശത്തെ തുടർന്നാണ് പി പി ദിവ്യ കീഴടങ്ങിയതെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഒരാൾക്ക് വേണ്ടി പാർട്ടിക്ക് മൊത്തം പഴി കേൾക്കാൻ കഴിയില്ലെന്ന് അറിയിച്ചാണ് കീഴടങ്ങാൻ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടി പ്രതിരോധത്തിലാകുമെന്നും ദിവ്യയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിവ്യ പൊലീസിന് മുന്നിലെത്തിയത്, അപ്പീലിന് പോകാനായിരുന്നു ദിവ്യയുടെ ആദ്യ ശ്രമം. എന്നാൽ അപ്പീലിന് പോയാൽ കാലതാമസമുണ്ടാകുമെന്ന നിലപാട് പാർട്ടി ദിവ്യയെ അറിയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും മാധ്യമ-പൊതുജന സമ്മർദ്ദം ചെറുതല്ലെന്നും ദിവ്യയെ പാർട്ടി ധരിപ്പിച്ചു. മറ്റ് വഴിയില്ലാതായതോടെയാണ് ദിവ്യ കീഴടങ്ങിയതും പിന്നാലെ കോടതി റിമാൻഡ് ചെയ്തതും.