കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത…എൽഡിഎഫിനൊപ്പം നിൽക്കാൻ റോഷി അഗസ്റ്റിനും പ്രമോദ് നാരായണും….

കോട്ടയം: മുന്നണി മാറ്റ നീക്കത്തില്‍ കേരള കോൺഗ്രസ് എമ്മിൽ ഭിന്നത. ജോസ് കെ മാണിയും രണ്ട് എംഎല്‍എമാരും മുന്നണി മാറ്റത്തിന് ഒരുങ്ങുന്നു എന്നാണ് സൂചന. ജോബ് മൈക്കിളും സെബാസ്റ്റ്യൻ കുളത്തിങ്ങലുമാണ് ജോസിനൊപ്പമുള്ളത്.

അതേസമയം, എല്‍ഡിഎഫ് വിടേണ്ടന്നാണ് റോഷി അഗസ്റ്റിന്‍റെയും പ്രമോദ് നാരായണന്‍റെയും നിലപാട്. എന്നാല്‍, ജയരാജ് ഇതുവരെ വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റാന്നി എംഎൽഎ പ്രമോദ് നാരായണനും തുടരും എന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. എൽഡിഎഫിൽ തുടരണമെന്ന് റോഷിക്കൊപ്പം ശക്തമായ നിലപാടെടുക്കുന്ന ആളാണ് പ്രമോദ്.

കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മുന്നണിമാറ്റ ചർച്ച

മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ 16 ന് കേരള കോൺഗ്രസ്‌ എം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം വിളിച്ചു. യോഗത്തിൽ മുന്നണി മാറ്റം ചർച്ച ചെയ്യും എന്നാണ് സൂചന. യുഡിഎഫ് മനസ്സുള്ള പാർട്ടിയാണ് കേരള കോൺഗ്രസെന്ന് ഒരു വിഭാഗം നേതാക്കൾ നിലപാട് അറിയിക്കുന്നു. ഇടതിനൊപ്പം നിന്നാൽ ഒരു സീറ്റും കിട്ടില്ലെന്ന് ജോസ് വിഭാഗം പാർട്ടിക്കുള്ളിൽ അഭിപ്രായപ്പെട്ടു എന്നാണ് സൂചന. സിപിഎം സഹായിച്ചില്ലെന്ന് വരെ ജോസ് പറഞ്ഞെന്നാണ് പുറത്ത് വരുന്ന വിവരം.

എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ ഭിന്നത അന്തിമ തീരുമാനത്തിന് ജോസിനും പ്രതിസന്ധി ഉണ്ടാക്കുന്നു എന്നാണ് സൂചന. അതേസമയം, ജില്ലാ പ്രസിഡന്റ്മാരെയും ജില്ലാ ഭാരവാഹികളെയും ഒപ്പം നിർത്താൻ റോഷിയുടെ വിഭാഗവും ജോസിന്റെ വിഭാഗവും നീക്കം നടക്കുന്നുണ്ട് എന്നാണ് വിവരം.

Related Articles

Back to top button