ആലപ്പുഴ ജില്ല കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി…. പൈലിങ് തുടങ്ങുന്നത്….
ആലപ്പുഴ ജില്ല കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി വാടക്കനാലിന്റെ വടക്കേകരയിലെ മേൽപാലത്തിന്റെ തിങ്കളാഴ്ച തുടങ്ങാനിരുന്ന പൈലിങ് നീട്ടിവെച്ചു. പൈലിങ് 19ലേക്കാണ് മാറ്റിയത്. താൽക്കാലിക ബോട്ട് ജെട്ടിയുടെ നിർമാണം 15ന് മുമ്പ് പൂർത്തിയാക്കും. പൊലീസ് കൺട്രോൾ റൂമിന് സമീപം താൽക്കാലിക പാലം ഉടൻ നിർമിക്കും. എസ്.ഡി.വി സ്കൂളിൽ ശാസ്ത്രമേളയുടെ വേദിയുള്ളതിനാലാണ് ഗതാഗത നിയന്ത്രണങ്ങൾ നീട്ടിവെച്ചത്.
വാടക്കാനാലിന് വടക്കുവശത്തെ റോഡിൽ ഏർപ്പെടുത്താനിരുന്ന ഗതാഗത നിയന്ത്രണവും 19 മുതലേ നിലവിൽ വരൂ. 15 മുതൽ 18 വരെ സംസ്ഥാന സ്കൂൾ ശാസ്ത്രമേള നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണവും പൈലിങ്ങും നീട്ടിയത്. കോടതിപ്പാലം പൊളിക്കുന്ന ജോലികൾ മുല്ലക്കൽ ചിറപ്പിന് ശേഷമേ ആരംഭിക്കൂ.
പാലത്തിന്റെ ഇരുകരകയിലുമായി നാൽക്കവലയോടുള്ള രൂപരേഖയാണ് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിട്ടുള്ളത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. 120.52 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയാണ് തുക അനുവദിച്ചത്. നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകും. നിർമാണത്തിനായി ഒഴിപ്പിക്കുന്നതിനെതിരെ വ്യാപാരികൾ നൽകിയ ഹരജി ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സർക്കാർ പുറമ്പോക്കിലുള്ള 16 വ്യാപാരികളാണ് ഹരജി നൽകിയത്.
വൈ.എം.സിക്ക് കിഴക്ക് ഭാഗത്തുനിന്ന് വാടക്കാനാലിന്റെ വടക്ക് വശത്തുള്ള റോഡിലാണ് ആദ്യം പൈലിങ് തുടങ്ങുക. അതിനാലാണ് ഈ റോഡിൽ ഗതാഗതം നിർത്തിവെക്കുന്നത്. മുഹമ്മ ഭാഗത്തേക്കുള്ള വാഹനങ്ങൾ വൈ.എം.സി പാലത്തിൽനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലത്തിന്റെ കിഴക്കേകര വഴി കൊമ്മാടിപാലം ജങ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് കൈചൂണ്ടി മുക്ക് വഴി മുഹമ്മയിലേക്ക് പോകാനാണ് കെ.ആർ.എഫ്.ബി അധികൃതർ നൽകിയിട്ടുള്ള നിർദേശം. പൊലീസ് ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. ബദൽ റൂട്ട് ജില്ല ഭരണകൂടത്തിന് കൈമാറും. സമീപ കെട്ടിടങ്ങൾക്ക് ബലക്ഷയം ഉണ്ടാകാത്ത തരത്തിൽ ഹൈഡ്രോളിക് യന്ത്രം ഉപയോഗിച്ചായിരിക്കും പൈലിങ്.