നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ.. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം..

ആലപ്പുഴ: ആലപ്പുഴയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ചാമ്പ്യൻസ് ബോട്ട് ലീഗ് പ്രമാണിച്ച് കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപഞ്ചായത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൈനകരി ഗ്രാമപഞ്ചായത്ത് പരിധിയിലാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് നടക്കുന്നത്. ഇവിടുത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അതേസമയം, പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കളക്ടർ അറിയിച്ചു.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) അഞ്ചാം സീസൺ നാളെ മുതൽ നടക്കും. ലപ്പുഴ ജില്ലയിലെ കൈനകരിയിലാണ് ഐപിഎൽ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടൻ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് ആരംഭിക്കുന്നത്. മൂന്ന് മാസം നീളുന്ന 14 മത്സരങ്ങളുള്ള സിബിഎൽ ഡിസംബർ ആറിന് കൊല്ലത്തെ പ്രസിഡൻറ്സ് ട്രോഫിയോടെ സമാപിക്കും. വിജയികൾക്ക് 5.63 കോടി രൂപ സമ്മാനമായി ലഭിക്കും. ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) അഞ്ചാം സീസണിൻറെ മൈക്രോസൈറ്റും പ്രൊമോഷണൽ വീഡിയോയും ടൂറിസം – പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ് പുറത്തിറക്കിയിരുന്നു.

തെക്കൻ കേരളത്തെ കേന്ദ്രീകരിച്ചാണ് സിബിഎൽ മത്സരങ്ങളിൽ ഭൂരിഭാഗവും. മലബാർ മേഖലയിലും മധ്യ കേരളത്തിലും മൂന്ന് മത്സരങ്ങൾ വീതം നടക്കും. കോട്ടയം താഴത്തങ്ങാടി, എറണാകുളം ജില്ലയിലെ പിറവം, മറൈൻ ഡ്രൈവ്, തൃശ്ശൂർ കോട്ടപ്പുറം, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം ജില്ലയിലെ കല്ലട എന്നിവിടങ്ങൾക്കൊപ്പം വടക്കൻ കേരളത്തിൽ കാസർഗോഡ് ചെറുവത്തൂർ, കണ്ണൂർ ധർമ്മടം, കോഴിക്കോട് ബേപ്പൂർ എന്നിവിടങ്ങളിലും സിബിഎൽ മത്സരങ്ങൾ നടത്തുന്നുണ്ട്. കാസർകോട്ട് ആദ്യമായാണ് സിബിഎൽ മത്സരങ്ങൾ നടക്കുന്നത്.

Related Articles

Back to top button