പൂരത്തിനൊരുങ്ങി തൃശൂർ..കുടമാറ്റം കാണാൻ വിഐപി ഗ്യാലറികളിൽ വിദേശികൾക്ക് മാത്രം പ്രവേശനം…
തൃശൂർ പൂരത്തിനായി മുന്നൊരുക്കങ്ങള്‍ ശക്തം. ഇതിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ബോർഡ് പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു. പൂരം നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ പ്രാവശ്യം ചില അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത്തവണത്തെ പൂരം സുഗമമായി നടത്തുന്നതിന് സർക്കാർ സഹായം വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ പറഞ്ഞു. നിലവിൽ പൂരവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണത്തെ പൂരം നടത്തിപ്പിന്റെ പൂർണ ചുമതല ജില്ലാ ഭരണകൂടത്തിനാണ്. ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി സുരക്ഷയും പൊതുജനങ്ങള്‍ക്കുള്ള സൗകര്യവുമൊരുക്കും. കേന്ദ്ര ഏജന്‍സികളുടെ സഹായവും സഹകരണവും ഉണ്ടാകുമെന്നാണ് സൂചന.
കുടമാറ്റം കാണാൻ ഒരുക്കുന്ന വിഐപി ഗ്യാലറികളിൽ വിദേശികൾക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുക. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വിഐപികളെ ഇവിടെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് പൂരം അവലോകനയോഗം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിഐപികള്‍ക്ക് കുടമാറ്റം-വെടിക്കെട്ട് സമയത്ത് സൗകര്യം ഒരുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കുടമാറ്റവും വെടിക്കെട്ടും ആസ്വദിക്കാന്‍ കഴിയുന്ന സൗകര്യമുള്ള സ്വരാജ് റൗണ്ടിലെ വലിയ കെട്ടിടങ്ങളില്‍ ഇവര്‍ക്ക് പരിമിതസൗകര്യം ഒരുക്കിയേക്കും. ഇതിനായി ജില്ലാഭരണകൂടം സ്വരാജ് റൗണ്ടിലെ വലിയ കെട്ടിടങ്ങളുടെ ഉടമകളുമായി സംസാരിച്ച് ധാരണയിലെത്തുമെന്നാണ് വിവരം.