ചരിത്രത്തിലാദ്യമായി 2 വനിതകൾക്ക് സീറ്റ് നൽകിയിട്ടും അതൃപ്തി…പരസ്യ വിമർശനവുമായി നൂർബിന

ചരിത്രത്തിലാദ്യമായി 2 വനിതകൾക്ക് മുസ്ലിം ലീഗ് സീറ്റ് നൽകിയിട്ടും വനിതാ ലീഗിൽ അതൃപ്തി. വനിത ലീഗിനെ പട്ടികയിൽ അവഗണിച്ചെന്നാണ് അതൃപ്തി പരസ്യമാക്കി ദേശിയ സെക്രട്ടറി നൂർബിന റഷീദ് അഭിപ്രായപ്പെട്ടത്. എന്ത് മാനദണ്ഡത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും നൂർബിന ആവശ്യപ്പെട്ടു.
ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ലെന്നും ദേശീയ സെക്രട്ടറി അഭിപ്രായപ്പെട്ടു. പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നൽകിയതെന്നും കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർത്ഥിയായിരുന്ന നൂർബിന ചൂണ്ടിക്കാട്ടി. പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനെതിരെയാണ് ഫാത്തിമ തെഹ്ലിയ പോരാട്ടത്തിനിറങ്ങുന്നത്. ജയന്തി രാജനാകട്ടെ കൂത്തുപറമ്പിലാണ് അങ്കം കുറിച്ചിരിക്കുന്നത്. എൽ ഡി എഫിന്റെ ഉറച്ച സിറ്റിംഗ് സീറ്റുകളിലാണ് രണ്ട് വനിതകളെയും മത്സരിപ്പിക്കുന്നത്. ഈ സീറ്റുകൾ പിടിച്ചെടുക്കാൻ ഫാത്തിമക്കും ജയന്തിക്കും സാധിക്കുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ അഭിപ്രായം.



