പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; യുഡിഎഫ് പ്രവർത്തകരെ മർദ്ദിച്ചുവെന്ന് പരാതി, പിന്നിൽ..

തിരുവള്ളൂർ ചാനിയം കടവിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ മർദ്ദനം. പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്നാണ് പരാതി. ആശിഖ്, മുഹമ്മദ്, ഷഫീഖ് എന്നീ യുഡിഎഫ് പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രദേശത്ത് സംഘർഷ സാധ്യത ഉടലെടുത്തത്.

കുറ്റ്യാടി മണ്ഡലത്തിലെ യുഡിഎഫിന്റെ സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. കഴിഞ്ഞ ദിവസം പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ സ്ഥലത്ത് പുതിയ ബോർഡുകൾ സ്ഥാപിച്ചു. ഇതോടെ സംഘടിച്ചെത്തിയ ഒരു കൂട്ടം സിപിഎം പ്രവർത്തകർ തങ്ങളെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരിക്കേറ്റവർ പറഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നുമാൻ യുഡിഎഫിന്റെ ആവശ്യം. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button