കേരള – തമിഴ്നാട് അതിർത്തിയിൽ സ്ഥാപിച്ച ബോർഡിൻറെ പേരിൽ തർക്കം; കേരളം സ്ഥാപിച്ച ബോർഡ് തങ്ങളുടെ ഭാഗത്തെന്ന് നാം തമിഴർ പാർട്ടി, തർക്കത്തിന് പിന്നാലെ…

കേരളം തമിഴ്നാട് അതിർത്തിയിൽ സ്ഥാപിച്ച ബോർഡിന്റെ പേരിൽ തർക്കം. അതിർത്തി പ്രദേശമായ താളൂരിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ബോർഡ് സ്ഥാപിച്ചിരിക്കുന്നത് തമിഴ്നാടിന്റെ ഭാഗത്താണെന്നാണ് ആരോപിച്ചുകൊണ്ട് നാം തമിഴർ പാർട്ടി രംഗത്തെത്തുകയായിരുന്നു. തർക്കം രൂക്ഷമായ സാഹചര്യത്തിൽ സംഘർഷ സാധ്യത മുന്നിൽ കണ്ടുകൊണ്ട് സംഭവസ്ഥലത്ത് കേരള, തമിഴ്നാട് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ഏറെക്കാലമായി അതിർത്തിയെ ചൊല്ലി തർക്കം നിലനിൽക്കുന്ന പ്രദേശമാണ് താളൂർ. താളൂർ അതിർത്തിയിൽ ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന തർക്കം ഇപ്പോൾ പുതിയ തലത്തിലേക്ക് എത്തിയത്. തമിഴ്നാട് സർക്കാർ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന രണ്ട് ബോർഡുകൾ കേരളത്തിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തുണ്ട്. ഈ ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരവധി തവണ ചർച്ചകൾ നടന്നിരുന്നു. എന്നാൽ വെതിൽ നടപടി ഉണ്ടായിരുന്നില്ല.
ഇപ്പോൾ തർക്കമുടലെടുത്തിരിക്കുന്നത് പുതിയതായി പണി കഴിപ്പിച്ച സുൽത്താൻ ബത്തേരി – താളൂർ റോഡിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡ് കേരളം സ്ഥാപിച്ചതിന്റെ പേരിലാണ്. ബോർഡ് സ്ഥാപിച്ചിട്ടുള്ളത് തമിഴ്നാടിന്റെ ഭാഗത്താണെന്നും അത് നീക്കം ചെയ്യണമെന്നും ആണ് നാം തമിഴർ പാർട്ടിയും ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിരിക്കുന്നത്. ബോർഡ് നീക്കം ചെയ്യനെത്തിതമിഴ് രാഷ്ട്രീയപാർട്ടി സംഘത്തെ പോലീസ് തടഞ്ഞു. മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.



