വയനാട് ഫണ്ട് പിരിവില്‍ ആരോപണം..ആലപ്പുഴ യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും പോര്…
ആലപ്പുഴ: വയനാട് ഫണ്ട് പിരിവിൽ ആലപ്പുഴ യൂത്ത് കോൺഗ്രസിൽ വീണ്ടും പോര്. അമ്പലപ്പുഴയിൽ നിന്ന് വയനാടിനായി പിരിച്ച പണം മുക്കിയെന്ന് ഒരു വിഭാഗം ആരോപിച്ചു. പിരിച്ച പണം മുക്കാൻ ജില്ലാ പ്രസിഡന്റ് അടക്കം കൂട്ട് നിന്നെന്നും ആക്ഷേപമുണ്ട്. അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വിമർശനം.
‘പണം മുക്കിയത് സംസ്ഥാന സെക്രട്ടറി റഹീം വറ്റക്കാരൻ’, ‘റഹീം വറ്റക്കാരനെ സംരക്ഷിക്കുന്നത് ജില്ലാ പ്രസിഡന്റ് എം പി പ്രവീൺ’, എന്നിങ്ങനെയുള്ള ആക്ഷേപമാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വന്നത്. കുറ്റം നിലവിലെ നിയോജക മണ്ഡലം പ്രസിഡന്റിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമമെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപേ കൂട്ടരാജി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
സംഘടനയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ കള്ളനാക്കുന്നു എന്നും വിമർശനം ഉയർന്നു. യൂത്ത് കോൺഗ്രസിലെ ചെന്നിത്തല-കെസി ഗ്രൂപ്പുകൾ തമ്മിലാണ് നിലവിലെ തർക്കം. ഫണ്ട് പിരിച്ചത് സമ്മാന കൂപ്പണിലൂടെയാണെന്നും നറുക്കെടുപ്പ് നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സമ്മാനം വിതരണം ചെയ്തില്ലെന്നും ആരോപണമുയർന്നു.
അതേസമയം ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പരിശീലന ക്യാമ്പിൽ വിമർശനം ഉയർന്നിരുന്നു. എട്ടുലക്ഷം രൂപ വീതം ചെലവുള്ള മുപ്പത് വീടുകൾ നിർമിച്ചുനൽകാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു ക്യാമ്പിൽ ഉയർന്ന വിമർശനം.
എന്നാൽ വിമർശനങ്ങളെ രാഹുൽ മാങ്കൂട്ടത്തിൽ തള്ളിയിരുന്നു. ദുരന്തബാധിതർക്കായി 2.4 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് അക്കൗണ്ട് വഴിയാണ് പണം പിരിച്ചത്. ഇതുവരെ 84 ലക്ഷം രൂപയാണ് ലഭിച്ചത്. ഇത് കെപിസിസിക്ക് കൈമാറും. സമാനപദ്ധതി പാർട്ടിയും നടത്തുന്നുണ്ടെന്നും പ്രഖ്യാപിച്ച തുക മുഴുവനും കൈമാറുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കിയിരുന്നു.