മൂന്ന് ആണ്‍മക്കളും ജോലിക്കു പോയ നേരം, മകൾ ഭർതൃവീട്ടിൽ… പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…

പല്ലഞ്ചാത്തന്നൂരിൽ വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊള്ളപ്പാടം സ്വദേശി ഇന്ദിരയാണ് വീട്ടിനകത്ത് കൊല്ലപ്പെട്ടത്. കൊല നടത്തിയതിന് പിന്നാലെ ഭർത്താവ് വാസു പൊലീസിൽ കീഴടങ്ങി. കൊലപാതക കാരണം കുടുംബ പ്രശ്നങ്ങളാണെന്ന് പ്രതിയുടെ മൊഴി
ബുധനാഴ്ച രാവിലെ 11 മണി. ഇന്ദിരയും ഭർത്താവ് വാസുവും മാത്രമായിരുന്നു പൊള്ളപ്പാടത്തെ വീട്ടിലുണ്ടായിരുന്നത്. മൂന്ന് ആൺമക്കളും ജോലിക്കു പോയ നേരം. മകൾ ഭർതൃവീട്ടിലേക്കും പോയിരുന്നു. വാസുവും ഇന്ദിരയും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും ഇരുവരും തമ്മിലുണ്ടായ ഉച്ചത്തിലുള്ള വാക്ക് തർക്കം നാട്ടുകാർ കേട്ടു. തർക്കത്തിന്‍റെ തുടർച്ചയായിരുന്നു കൊലപാതകം.
അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇന്ദിരയും ഭർത്താവും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായത്. വഴക്ക് കയ്യാങ്കളിയായതോടെ അടുക്കളയിലുണ്ടായിരുന്ന കൊടുവാളെടുത്ത് വാസു ഇന്ദിരയെ വെട്ടി. കയ്യിൽ വെട്ടേറ്റ ഇന്ദിര നിലത്തു വീണു. പിന്നീട് കഴുത്തിലും വെട്ടി. തുരുതുരാ വെട്ടി മരണമുറപ്പാക്കി ശേഷം മുറിയിൽ കതകടച്ചിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടന്ന ഇന്ദിരയെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിനെ വിവരമറിയിച്ചു.



