വേസ്റ്റ് കൊട്ടയിൽ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു കോടിയുടെ ഒന്നാം സമ്മാനം; വിശ്വസിക്കാനാകാതെ വയോധിക

ആലപ്പുഴ: വേസ്റ്റ് കൊട്ടയിൽ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരുകോടിയുടെ ഒന്നാം സമ്മാനം. തലവടി പഞ്ചായത്ത് 15-ാം വാർഡിൽ മംഗലത്ത് കുഞ്ഞ് അച്ചാമ്മയ്ക്കാണ് ഈ അവിശ്വനീയമായ ഭാഗ്യം കൈവന്നത്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കൊച്ചമ്മനം ജങ്ഷന് സമീപം ചെറിയ പെട്ടിക്കട നടത്തുകയാണ് ഇവർ
ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന് പുറമെ മറ്റൊരു ടിക്കറ്റ് കൂടി ഇവർ എടുത്തിരുന്നു. അതിന് അയ്യായിരം രൂപയുടെ പ്രോത്സാഹനസമ്മാനം ലഭിച്ചിരുന്നു. പ്രദേശത്തെ ലോട്ടറി വിൽപനക്കാരനായ കോതപ്പുഴശ്ശേരി ജോർജുകുട്ടിയിൽനിന്നാണ് ഇവർ കാരുണ്യ ലോട്ടറിയുടെ രണ്ട് ടിക്കറ്റുകൾ വാങ്ങിയത്.
വ്യാഴാഴ്ചത്തെ ഫലപ്രഖ്യാപനത്തിന് ശേഷം ടിക്കറ്റിന്റെ നമ്പർ പരിശോധിച്ചെങ്കിലും 5000 രൂപയുടെ പ്രോത്സാഹന സമ്മാനം ലഭിച്ച കാര്യം മാത്രമാണ് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഒന്നാം സമ്മാനത്തിന് അർഹമായ പ്രധാന ടിക്കറ്റ് സമ്മാനമൊന്നും ഇല്ലെന്ന് കരുതി അവർ വേസ്റ്റ് കൊട്ടയിൽ കളഞ്ഞു. രാത്രി ഒന്നാം സമ്മാനം അടിച്ച വിവരം കുഞ്ഞ് അച്ചാമ്മയുടെ സഹോദരൻ ഇവരെ അറിയിച്ചു. ഇതോടെയാണ് ടിക്കറ്റ് വേസ്റ്റ് കൊട്ടയിൽ കളഞ്ഞ കാര്യം ഓർത്തത്.
ഉടൻതന്നെ ഇരുവരും കടയിലെത്തി പരിശോധന നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ വേസ്റ്റ് കൊട്ടയിൽനിന്ന് ഒരു കോടിയുടെ ഭാഗ്യം കടാക്ഷിച്ച ആ ടിക്കറ്റ് അവർ കണ്ടെടുത്തു. പെസഹാ ദിനത്തിൽ ഭാഗ്യദേവത കടാക്ഷിച്ചതിന്റെ അതിയായ സന്തോഷത്തിലാണ് കുഞ്ഞ് അച്ചാമ്മ ഇപ്പോൾ. ചെറിയ പെട്ടിക്കടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കുഞ്ഞ് അച്ചാമ്മയുടെ ഉപജീവനം.



