ദുരന്തബാധിതരെ വഞ്ചിക്കുന്നു… കുന്നംപറ്റയിൽ ഡിവൈഎഫ്ഐയുടെ കുടിൽകെട്ടി സമരം…. കോൺഗ്രസിന്റെ ഭവനപദ്ധതിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതി യാഥാർത്ഥ്യമാകാത്തതിൽ പ്രതിഷേധിച്ച് വയനാട് കുന്നംപറ്റയിൽ ഡിവൈഎഫ്ഐയുടെ കുടിൽകെട്ടി സമരം. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ കോൺഗ്രസ് വാങ്ങിയ ഭൂമിക്ക് പുറത്തുള്ള വഴിയിൽ കുടിലുകൾ കെട്ടി പ്രതിഷേധിക്കുന്നത്.

ദുരന്തബാധിതർക്കായി വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാത്തതാണ് ഡിവൈഎഫ്ഐയെ സമരത്തിലേക്ക് നയിച്ചത്. ദുരന്തബാധിതരെ കോൺഗ്രസ് വഞ്ചിക്കുകയാണെന്ന് വി. വസീഫ് ആരോപിച്ചു. പദ്ധതിക്കായി എത്ര തുക പിരിച്ചുവെന്ന് വെളിപ്പെടുത്താൻ പോലും കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ നേതൃത്വത്തിലുള്ള ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയായെന്നും ദുരന്തബാധിതർക്ക് അവിടെ താമസിക്കാൻ തടസ്സമില്ലെന്നും വസീഫ് വ്യക്തമാക്കി. സർക്കാരിന്റെ വേഗത കോൺഗ്രസ് കാണിക്കുന്നില്ലെന്നാണ് ഡിവൈഎഫ്ഐയുടെ വാദം.

കുന്നംപറ്റയിൽ കോൺഗ്രസ് വാങ്ങിയ ഭൂമിക്ക് മുന്നിൽ വരും ദിവസങ്ങളിലും സമരം തുടരാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം. വീട് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

Related Articles

Back to top button