കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ തിരോധാനം.. അന്വേഷണത്തിന് പ്രത്യേക സംഘം…
അമ്പലത്തറയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ തിരോധാനത്തിൽ അന്വേഷണത്തിന് ഡി ഐ ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം. കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐപിഎസിനാണ് കേസിന്റെ മേൽനോട്ട ചുമതല. കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിടാനുള്ള ജില്ലാ പൊലീസ് മേധാവിയുടെ ശിപാർശ ഡി ജി പി തള്ളി.
2012 ലാണ് അമ്പലത്തറ മുണ്ടപ്പള്ളം സ്വദേശിയായ ദളിത് പെൺകുട്ടിയെ കാണാതാവുന്നത്. എട്ടു വർഷം മുൻപ് കാസർഗോഡ് ഒടയൻചാലിൽ ജോലിക്ക് നിന്നിരുന്ന വീട്ടിൽ വച്ച് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. ഈ കേസ് വിചാരണയിലേക്ക് കടന്ന സമയത്ത് പെൺകുട്ടി കോടതിയിൽ ഹാജരായില്ല . ഇത് അന്വേഷിച്ചെത്തിയ പൊലീസുകാരാണ് കുട്ടിയെ കാണാനില്ലെന്ന് ആദ്യം മനസ്സിലാക്കിയത്.പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ ഒടയഞ്ചാൽ സ്വദേശി സെബാസ്റ്റ്യൻ, സുഹൃത്തുക്കളായ വിനു, വിനോദ് എന്നിവർ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് കുട്ടിയെ കാണാതായതെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതികളിൽ ഒരാളുടെ പറമ്പിൽ ഉപയോഗശൂന്യമായിരുന്ന കിണർ ഈ കാലയളവിൽ മൂടിയെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരുന്നു.
പക്ഷേ ഈ പ്രതികളെ കേന്ദ്രീകരിച്ചോ, കിണർ കേന്ദ്രീകരിച്ചോ പൊലീസ് അന്വേഷണം നടത്തിയില്ല. 2015 – 2016 കാലയളവിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലും പ്രതികളെ പിടികൂടാൻ സാധിച്ചില്ല.അതേസമയം, പീഡന പരാതി ഒത്തുതീർപ്പാക്കാൻ ദളിത് മഹാസഭയുടെ മുൻ സംസ്ഥാന പ്രസിഡണ്ട് പി കെ രാമൻ ശ്രമിച്ചിരുന്നതായി ആക്ഷേപമുണ്ട്.