രഞ്ജിത്തിൻറെ അറസ്റ്റ് മുങ്ങുമെന്ന സൂചന ലഭിച്ചതോടെ.. കൂടുതൽ വിവരങ്ങൾ പുറത്ത്

യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് വാഹനം തടഞ്ഞ് നിർത്തി. രഞ്ജിത്ത് മുങ്ങുമെന്ന സൂചന ലഭിച്ചതോടെ കോട്ടയത്തു നിന്നും ഇടുക്കിയിലേക്ക് പോകും വഴി വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യമായ ഓപ്പറേഷൻറെ ഭാഗമായാണ് അറസ്റ്റ്. ഇന്ന് തന്നെ രഞ്ജിത്തിനെ കൊച്ചി സംഘത്തിന് കൈമാറും. നടിയുടെ പരാതി ലഭിച്ചതോടെ അതീവ രഹസ്യമായി പൊലീസ് സംഘം മൊഴിയെടുത്തിരുന്നു. ഇടുക്കി എസ്പിയുടെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ്. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല
പുതിയ സിനിമയുടെ ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് നടിയുടെ പരാതി. ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സിനിമാ സെറ്റിൽ തന്നെ പരാതി ഉന്നയിച്ചെങ്കിലും ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് നടിയുടെ പരാതിയിൽ പറയുന്നു. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. തുടർന്ന് കൊച്ചിയിൽ വച്ച് നടിയുടെ മൊഴിയെടുക്കുകയായിരുന്നു. പിന്നാലെ തന്നെ രഞ്ജിത്ത് ഒളിവിൽ പോകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് ഇന്നു തന്നെ അറസ്റ്റ് ചെയ്തത്. തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. നാളെ കോടതിയിൽ ഹാജരാക്കും. നേരത്തെ രണ്ട് പരാതികൾ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. ഒരു ബംഗാളി നടിയുടെ പരാതിയും പ്രകൃതിവിരുദ്ധ പീഡന പരാതിയുമാണ് ഉയർന്നത്. പിന്നാലെയാണ് ഈ കേസ്.



