നാട്ടുകാർ പിടികൂടി കൈമാറിയ ദിണ്ടികൽ സ്വദേശി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു

നാട്ടുകാർ പിടികൂടി കൈമാറിയ ദിണ്ടികൽ സ്വദേശി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ദിണ്ടിഗൽ എവള്ളൂർ മാവട്ടത്ത് ബാബുരാജ് (50) ആണ് തൃക്കാക്കര പോലീസിൻ്റെ കസ്റ്റഡിയിലിരിക്കേ മരിച്ചത്. തൃക്കാക്കര സഹകരണാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്ന് തൃക്കാക്കര ഇൻസ്പെക്ടർ എ.കെ സുധീർ പറഞ്ഞു. ഇയാളുടെ പേരിൽ കേസുകൾ നിലവിലുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് കാക്കനാട് ചെമ്പുമുക്ക് സെയ്ന്റ് മൈക്കിൾസ് പള്ളിയുടെ സമീപം തോർത്ത് മാത്രം ഉടുത്ത് ഇരുട്ടത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ബാബുരാജിനെ കാണുന്നത്. സംശയം തോന്നിയ നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തു. ഓടാൻ ശ്രമിച്ചതോടെ ഇയാളെ ബലപ്രയോഗത്തിലൂടെ നാട്ടുകാർ പിടികൂടി പോലീസിനെ ഏല്പിച്ചു. കസ്റ്റഡിയിലിരിക്കെ പുലർച്ചെ രണ്ടര മണിയോടെ ഇയാൾ അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും സഹകരണ ആശുപത്രിയിൽ എത്തിക്കും മുൻപ് മരണപ്പെടുകയായിരുന്നുവെന്നും തൃക്കാക്കര പോലീസ് അറിയിച്ചു.

ബാബുരാജിനെ പോലീസിന് കൈമാറുമ്പോൾ ആൾക്കൂട്ടം മർദ്ദി ച്ചതിന്റെ ലക്ഷണങ്ങളൊന്നും ദേഹത്ത് കണ്ടെത്തിയില്ലെന്നും സ്റ്റേഷനിലേക്ക് കൊണ്ട് വരുന്നതിന് മുൻപ് വൈദ്യ പരിശോധന നടത്തിയിരുന്നതായും പോലീസ് വ്യക്തമാക്കുന്നു. അതേസമയം ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ ബാബുരാജ് മരിച്ചിരുന്നുവെന്ന് സഹകരണ ആശുപത്രി അധികൃതർ പറഞ്ഞു

Related Articles

Back to top button