തിമിര ശസ്ത്രക്രിയ നടത്തിയ 5 പേരുടെ കാഴ്ച്ച നഷ്ടമായില്ലേ; യുഡിഎഫ് കാലത്തെ ചികിത്സാവീഴ്ചകൾ എണ്ണിപ്പറഞ്ഞ് ആരോഗ്യമന്ത്രി

വിളപ്പിൽശാല ചികിത്സാപിഴവിലെ അടിയന്തര പ്രമേയ ചർച്ചയിൽ യുഡിഎഫിന് രൂക്ഷ ഭാഷയില്‍ മറുപടി നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. എൽഡിഎഫ് സർക്കാർ കാലത്തെ ആശുപത്രി സേവനങ്ങളും യുഡിഎഫ് സർക്കാരിന്റെ കാലത്തെ സേവനങ്ങളും താരതമ്യപ്പെടുത്തിയാണ് മന്ത്രി മറുപടി നൽകിയത്. സർക്കാർ ആശുപത്രികളിൽ ഒരു ദിവസം 2,000 പേർക്ക് ഡയാലിസിസ് ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
തുടർന്ന് യുഡിഎഫ് കാലത്തെ ചികിത്സാവീഴ്ചകൾ മന്ത്രി ചൂണ്ടിക്കാട്ടി. യുഡിഎഫ് കാലത്ത് തിമിര ശസ്ത്രക്രിയ നടത്തി അഞ്ചുപേർക്ക് കാഴ്ച നഷ്ടമായി. അവർക്ക് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നേത്ര പടലം മാറ്റിവെച്ചു. രാജ്യത്ത് തന്നെ ഇതാദ്യമായാണ്. യുഡിഎഫ് കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേരാണ്. പ്രസവത്തിനിടെ 950 പേർ മരിച്ചു. കേരളത്തിലെ എല്ലാ നിയോജകമണ്ഡലത്തിലും ലാബ് നെറ്റ്‌വർക്ക് ഉണ്ടായി. കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളേജിൽ യുഡിഎഫ് കാലത്ത് കാത്ത് ലാബ് തുടങ്ങിയോ എന്നും മന്ത്രി ചോദിച്ചു.
പിന്നാലെ വിളപ്പിൽശാല വിഷയത്തിലും വീണ ജോർജ് പ്രതികരിച്ചു. മരിച്ച ബിസ്മിറിന്റെ കുടുംബത്തിനോട് അനുശോചനം രേഖപ്പെടുത്തുകയാണ്. ബിസ്മീറിന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയിരുന്നു. ഗേറ്റ് തുറന്നില്ല എന്നാണ് ആദ്യം വന്ന വാർത്ത. എന്നാൽ രണ്ട് മിനുട്ടിൽ രോഗിയെ അകത്ത് കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി. സുരക്ഷ കാരണങ്ങളാൽ ഗ്രിൽ അകത്തുനിന്ന് പൂട്ടിയിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും രോഗി മരിച്ചു. സാധ്യമായ ചികിത്സ ഏറ്റവും വേഗത്തിൽ നൽകിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും മന്ത്രി വ്യക്തമാക്കി.
വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയുടെ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കത്രിക അകത്തുവെച്ചത് 2017ലാണോ 14ൽ ആണോ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹർഷീന പറയുന്നത് 2017ൽ എന്നാണ്. അത് വിശ്വാസത്തിലെടുത്ത് 2 ലക്ഷം രൂപ ധനസഹായം നൽകി. നിലവിൽ കോടതിയിൽ കേസ് നടക്കുകയാണ് എന്നും വിധി അനുസരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.




