സ്കോച്ച് വിസ്കിക്ക് വില കുറയും…
ഇന്ത്യന്‍ വിപണിയില്‍ സ്കോച്ച് വിസ്കിയുടെ വില കുറയും. ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തില്‍ വന്നതോടെ, ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന സ്കോച്ച് വിസ്കിയുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കാന്‍ ഡിയാജിയോ പിഎല്‍സി തീരുമാനിച്ചു. ജോണി വാക്കര്‍, ടാന്‍ക്വറേ, സ്മിര്‍നോഫ് തുടങ്ങിയ ആഗോള ബ്രാന്‍ഡുകളുടെ ഉടമകളാണ് ഡിയാജിയോ. നിലവില്‍ 5,000 രൂപയ്ക്ക് വില്‍ക്കുന്ന ഒരു സ്കോച്ച് വിസ്കി കുപ്പിയുടെ വില 3,500 രൂപ മുതല്‍ 4,000 രൂപ വരെയായി കുറയാന്‍ സാധ്യതയുണ്ട്. ഇത് അതത് സംസ്ഥാനങ്ങളിലെ നികുതികളെയും വിതരണക്കാരുടെ മാര്‍ജിനെയും ആശ്രയിച്ചിരിക്കും.
പുതിയ കരാര്‍ പ്രകാരം, യുകെയില്‍ നിര്‍മ്മിക്കുന്ന വിസ്കിയുടെയും ജിന്നിന്‍റെയും കസ്റ്റംസ് തീരുവ 150% നിന്ന് 75% ആയി കുറയും. ഇത് പിന്നീട് 10 വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി 40% ആയി കുറയും. തീരുവ ഇളവുകളുടെ പൂര്‍ണ്ണ പ്രയോജനം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണി ഡിയാജിയോയെ സംബന്ധിച്ചിടത്തോളം അളവില്‍ ഏറ്റവും വലുതും മൂല്യത്തില്‍ രണ്ടാമത്തേതുമാണ്. ഉയര്‍ന്ന വില കാരണം നിലവില്‍ ഇന്ത്യയിലെ മൊത്തം വിസ്കി ഉപഭോഗത്തിന്‍റെ 4% മാത്രമാണ് സ്കോച്ച് വിസ്കിയുള്ളത്. തീരുവ കുറയ്ക്കുന്നതിലൂടെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനും ആവശ്യകത വര്‍ദ്ധിപ്പിക്കാനും കഴിയുമെന്നാണ് ഡിയാജിയോ പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ തീരുവകള്‍ ചെറുകിട സ്കോച്ച് ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ വഴിയൊരുക്കും. ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം മുമ്പ് ഇവര്‍ക്ക് വിപണിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും, സംസ്ഥാന നികുതികള്‍, രജിസ്ട്രേഷന്‍ ചെലവുകള്‍, ലൈസന്‍സിംഗ് ആവശ്യകതകള്‍ എന്നിവ വിലക്കുറവ് ഉപഭോക്താക്കളിലേക്ക് എത്തുന്നത് വൈകിപ്പിച്ചേക്കാം. ഇന്ത്യന്‍ മദ്യ കമ്പനികള്‍ക്ക് ഓരോ സംസ്ഥാനത്തും പ്രത്യേക ലേബല്‍ രജിസ്ട്രേഷനുകള്‍, വാര്‍ഷിക ലൈസന്‍സ് ഫീസ്, വിതരണക്കാരുടെ മാര്‍ജിനില്‍ വരുന്ന വ്യതിയാനങ്ങള്‍, നികുതി വരുമാനം നഷ്ടപ്പെടുമെന്ന സംസ്ഥാനങ്ങളുടെ ആശങ്ക എന്നിവയെല്ലാം വെല്ലുവിളികളാണ്.
നിയമപരമായ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ആഗോള മദ്യ നിര്‍മ്മാതാക്കള്‍ ഇന്ത്യ-യുകെ എഫ്ടിഎ ഒരു വലിയ മുന്നേറ്റമായാണ് വിലയിരുത്തുന്നത്. 2024-ല്‍ സ്കോച്ച് വിസ്കിയുടെ അളവില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിപണിയായി മാറി. 2023-ല്‍ 16.7 കോടി കുപ്പികളായിരുന്നത് 2024-ല്‍ 19.2 കോടി കുപ്പികളായി ഉയര്‍ന്നു, ഇത് ഫ്രാന്‍സിനെ മറികടന്നു.
സ്കോച്ച് വിസ്കിയുടെയും മറ്റ് സ്പിരിറ്റുകളുടെയും പ്രധാന വിതരണക്കാരാണ് ലണ്ടന്‍ ആസ്ഥാനമുള്ള ഒരു ബ്രിട്ടീഷ് ബഹുരാഷ്ട്ര മദ്യ നിര്‍മാണ കമ്പനിയായ ഡിയാജിയോ പിഎല്‍സി. ജോണി വാക്കര്‍ , ജെ & ബി , ബുക്കാനന്‍സ് തുടങ്ങിയ 24-ലധികം ബ്രാന്‍ഡുകളുള്ള ഡിയാജിയോയുടെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറികള്‍ ആകെ സ്കോച്ച് വിസ്കിയുടെയും 40 ശതമാനവും ഉത്പാദിപ്പിക്കുന്നു.
യുകെയുടെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ കാലത്താണ് ഇന്ത്യ- യുകെ വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്. ഇന്ത്യക്കാരുടെ വിസ, യുകെയില്‍ നിന്നുള്ള കാറുകളുടെയും സ്‌കോച്ച് വിസ്‌കിയുടെയും മേലുള്ള നികുതി, കാര്‍ബണ്‍ ബഹിര്‍ഗമനം, അധികമായി വേണ്ടിവരുന്ന ഉരുക്ക്, വളം എന്നിവയുടെ ഉത്പാദനത്തിന് യുകെ ചുമത്തുന്ന കാര്‍ബണ്‍ നികുതി തുടങ്ങിയവയുടെ കാര്യത്തിലുള്ള അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.
ചര്‍ച്ചകള്‍ പൂര്‍ത്തിയായി കരാറിലേക്കെത്തിയതിനെ ചരിത്രപരമെന്നാണ് മോദി വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുന്നതിനൊപ്പം പലയിനങ്ങളിലും പരസ്പരം നികുതി കുറയ്ക്കുകയും ചെയ്യും. യുഎസുമായുള്ള വ്യാപാരബന്ധത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കും നിര്‍ണായകമാണ് സ്വതന്ത്ര വ്യാപാര കരാര്‍.
കരാര്‍ പ്രകാരം ഇന്ത്യയിലെ വാഹനവിപണിയിലേക്ക് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ക്ക് സുഗമമായ പ്രവേശനം ലഭിക്കും. മാത്രമല്ല, യുകെയില്‍നിന്നുള്ള വിസ്‌കി, അത്യാധുനിക ഉപകരണങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയ്ക്കും ഇന്ത്യയില്‍ നികുതി കുറയും. ഇതിന് പുറമെ ഇന്ത്യയിലെ ടെലികോം, ബാങ്കിങ്, ഇന്‍ഷുറന്‍സ് രംഗത്തേക്കും ബ്രിട്ടീഷ് കമ്പനികള്‍ എത്തിയേക്കും.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുകെയില്‍ കൂടുതല്‍ വിപണി തുറന്നുകിട്ടും. ഐടി, ആരോഗ്യ മേഖലകള്‍ക്ക് പുറമെ ഇന്ത്യയുടെ ടെക്‌സ്‌റ്റൈൽ, പാദരക്ഷ, കാര്‍പ്പറ്റ്, സമുദ്രവിഭവങ്ങള്‍, മാമ്പഴം, മുന്തിരി തുടങ്ങിയ മേഖലകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഈ മേഖലകളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് യുകെയില്‍ നികുതി കുറയും