ധര്‍മസ്ഥലയില്‍ പെണ്‍കുട്ടിയെ നഗ്നയാക്കി റോഡിലൂടെ ഓടിച്ചു.. നേരിട്ട് കണ്ടുവെന്ന വെളിപ്പെടുത്തലുമായി ലോറി ഡ്രൈവറായ മലയാളി…
ധര്‍മസ്ഥലയിലെ ക്രൂരതകള്‍ വെളിപ്പെടുത്തി മലയാളിയായ ലോറി ഡ്രൈവര്‍. ധര്‍മസ്ഥല സുബ്രമണ്യം റോഡില്‍ പെണ്‍കുട്ടിയെ പൂര്‍ണനഗ്നയാക്കി നാല്‍വര്‍ സംഘം ഓടിച്ചതിന് ദൃക്സാക്ഷിയാണെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തൽ. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുളള പെണ്‍കുട്ടിയുടെ ദേഹത്തുടനീളം രക്തക്കറയുണ്ടായിരുന്നു. പിന്നാലെ ഇന്‍ഡിക കാറിലെത്തിയ നാലുപേര്‍ തന്നെ ഭീഷണിപ്പെടുത്തി വാഹനമെടുത്ത് പോകാന്‍ പറഞ്ഞെന്നും ലോറി ഡ്രൈവര്‍ പറഞ്ഞു.
2009-2010 കാലത്ത് നടന്ന സംഭവത്തില്‍ അതേ പെണ്‍കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി.പത്തു വര്‍ഷം മുമ്പ് യുവതികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം കൂട്ടമായി സംസ്കരിച്ചുവെന്ന വെളിപ്പെടുത്തലുമായി ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് ആദ്യം രംഗത്തെത്തിയത്.
ഇദ്ദേഹം ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കൊലപാതകങ്ങള്‍ക്ക് താൻ സാക്ഷിയാണെന്നും മുൻ ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു. തനിക്കും കുടുംബത്തിനും നിയമപരമായ സംരക്ഷണം നൽകണമെന്നും അന്വേഷവുമായി സഹകരിക്കാൻ തയ്യാറാണെന്നുമാണ് മുൻ ജീവനക്കാരന്‍റെ വ്യക്തമാക്കിയത്.
പിന്നാലെ ഇപ്പോൾ നിരവധി പേരാണ് ധർമസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തുന്നത്.1998-നും 2014- നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത്.