ധർമസ്ഥല: ഗൂഢാലോചനയ്ക്ക് തെളിവായി വീഡിയോകൾ ലഭിച്ചെന്ന് അന്വേഷണ സംഘം, ആറ് ഫോണുകൾ കണ്ടെടുത്തു

ധർമസ്ഥല ഗൂഢാലോചന സംബന്ധിച്ച നിർണായക തെളിവുകൾ ലഭിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം. ചിന്നയ്യ ഉപയോഗിച്ചത് അടക്കം ആറ് ഫോണുകൾ കണ്ടെടുത്തു. ഗൂഢാലോചന തെളിയിക്കുന്ന വീഡിയോകൾ ഫോണിൽ ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. ഫോണുകൾ കണ്ടെത്തിയത് ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് മഹേഷ് തിമരോടിയുടെയും സഹോദരൻ മോഹൻ ഷെട്ടിയുടെയും വീടുകളിൽ നിന്നാണ്. ചിന്നയ്യയെ തിമരോടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മകളെ കാണാനില്ലെന്ന് പറഞ്ഞ സുജാത ഭട്ടിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

ചിന്നയ്യ നൽകിയ മൊഴിയിലെ വൈരുദ്ധ്യമാണ് ധർമസ്ഥല കേസിൽ വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. പീഡിപ്പിക്കപ്പെട്ട നൂറു കണക്കിന് സ്ത്രീകളെ ആരുമറിയാതെ താൻ ധർമസ്ഥലയിൽ മറവു ചെയ്തെന്നായിരുന്നു ചിന്നയ്യയുടെ വെളിപ്പെടുത്തൽ. എന്നാൽ ചിന്നയ്യ ഹാജരാക്കിയ തലയോട്ടി സ്ത്രീയുടേതല്ല, പുരുഷന്‍റേതാണെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ഈ തലയോട്ടി ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടേതെന്നായിരുന്നു ചിന്നയ്യയുടെ മൊഴി. അതേസമയം ചിന്നയ്യക്കെതിരെ ഭാര്യ രംഗത്തെത്തി. പബ്ലിസിറ്റി ആഗ്രഹിച്ചാണ് കോളിളക്കം ഉണ്ടാക്കുന്ന വെളിപ്പെടുത്തൽ നടത്തിയതെന്നും ചിന്നയ്യക്ക് മാനസിക പ്രശ്നമുണ്ടെന്നുമാണ് ഭാര്യ പറഞ്ഞത്.

മകളെ കാണാനില്ലെന്ന് പറഞ്ഞ സുജാത ഭട്ട് പിന്നീട് മൊഴി മാറ്റി. 2003ല്‍ മകൾ അനന്യ ഭട്ടിനെ ധര്‍മസ്ഥലയില്‍ വച്ച് കാണാതായെന്ന് പൊലീസിൽ പരാതി നൽകിയ സുജാത ഭട്ട് ഇപ്പോൾ പറയുന്നത് തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നാണ്. ഭീഷണിക്ക് വഴങ്ങിയാണ് ധർമസ്ഥലയിൽ മകളെ കാണാനില്ലെന്ന് പരാതി നൽകിയതെന്നും അവർ പറഞ്ഞു. ആരാണ് ഭീഷണിപ്പെടുത്തിയത് എന്നത് ഉൾപ്പെടെ കണ്ടെത്താൻ സുജാത ഭട്ടിനെ വീണ്ടും ചോദ്യംചെയ്യും.

Related Articles

Back to top button