നാളെ യാത്രക്കാരെ സ്വീകരിക്കുന്നത് പൂക്കളും മധുരപലഹാരങ്ങളും നൽകി.. യാത്രി സേവാദിവസ് ആഘോഷമാക്കാനൊരുങ്ങി കരിപ്പൂർ വിമാനത്താവളം..

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ബുധനാഴ്‌ച യാത്രി സേവാദിവസ് ആയി ആഘോഷിക്കുന്നു. വിമാനത്താവളത്തിലെ മുഴുവൻ ജീവനക്കാരും യാത്രക്കാരുടെ സേവനത്തിനായി ഒരുമിച്ചിറങ്ങാനാണ് എയർപോർട്ട് അതോറിറ്റി നിർദേശിച്ചിരിക്കുന്നത്. യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. പരമ്പരാഗത കേരളീയശൈലിയിൽ താലപ്പൊലിയും വാദ്യഘോഷങ്ങളുമൊരുക്കും. പൂക്കളും മധുരപലഹാരങ്ങളും നൽകിയായിരിക്കും ആഗമന യാത്രക്കാരെ സ്വീകരിക്കുക.

പുറപ്പെടുന്ന യാത്രക്കാരുടെ സെക്യൂരിറ്റി ലോഞ്ചിലെ കാത്തിരിപ്പുസമയം ആനന്ദകരമാക്കാൻ ഓരോ മണിക്കൂറിലും നാടോടിനൃത്തം അവതരിപ്പിക്കും. കുട്ടികൾക്കായി പ്രശ്നോത്തരിയും ചിത്രരചനാമത്സരവും നടത്തും. ആഭ്യന്തര, അന്താരാഷ്‌ട്ര ടെർമിനലുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

വിമാനത്താവളത്തിലെ ജീവനക്കാരെയും യാത്രക്കാരെയും ഉൾപ്പെടുത്തി രക്തദാന ക്യാമ്പ് നടത്തും. യാത്രക്കാർക്കും സന്ദർശകർക്കും ജീവനക്കാർക്കുമായി ആരോഗ്യപരിശോധന, നേത്രപരിശോധനാ ക്യാമ്പുകൾ നടത്തും.

പരിസ്ഥിതിസംരക്ഷണം മുന്നിൽക്കണ്ട് വിവിധ സ്ഥലങ്ങളിൽ തൈ നടും. കൊണ്ടോട്ടി നഗരസഭ, പള്ളിക്കൽ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാകും പരിപാടി. വിമാനത്താവളത്തിലെ മുഴുവൻ വകുപ്പ് മേധാവികളും ചടങ്ങിന് നേതൃത്വംനൽകും.

വിമാനത്താവള ടാക്സി ഡ്രൈവർമാർക്ക് സൗമ്യമായ പെരുമാറ്റം, പ്രാഥമിക വൈദ്യസഹായം, ഗതാഗത നിയമങ്ങൾ, ആറുവരിപ്പാതയിലൂടെയുളള വാഹനമോടിക്കൽ എന്നിവയിൽ ഏകദിന പരിശീലനം നൽകും.

കൊട്ടപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ തിരഞ്ഞെടുത്ത നൂറ് വിദ്യാർഥികൾക്ക് വിമാനത്താവളം സന്ദർശിക്കാൻ അവസരമൊരുക്കും.

Related Articles

Back to top button