സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ

സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ചിക്കമഗളൂരുവിലാണ് സംഭവം. മർദ്ദനത്തിനിരയായ യുവതിയുടെ ബന്ധുവായ ഭവിത് (26) നെയാണു ജയാപുര പൊലീസ് പിടികൂടിയത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ഇയാൾ യുവതിയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചത്.

പരുക്കേറ്റ അധ്യാപികയെ ശിവമൊഗ്ഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പ ബസാരിക്കട്ടെ ഗ്രാമത്തിലെ സർക്കാർ സ്കൂൾ അധ്യാപികയായ 25 വയസ്സുകാരിക്കു നേരെയായിരുന്നു ആക്രമണം. സ്കൂളിൽ നിന്നു തിരിച്ച് വീട്ടിലേക്കു നടന്നുവരുമ്പോഴായിരുന്നു സംഭവം. ഭവിത് ഫോണിൽ സ്ഥിരമായി ശല്യം ചെയ്തതോടെ അധ്യാപിക നമ്പർ ബ്ലോക്ക് ചെയ്യുകയും കാണാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സ്കൂൾ വിട്ട് ഇവർ വരുന്ന വഴിയിൽ ഒളിച്ചിരുന്ന് ഭവിത് ആക്രമിച്ചത്. മണിക്കൂറുകൾക്ക് ശേഷമാണ് വിജനമായ പ്രദേശത്ത് നാട്ടുകാർ അധ്യാപികയെ അവശനിലയിൽ കണ്ടെത്തിയത്.‌

Related Articles

Back to top button