ഒരു വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ ഞെട്ടിക്കുന്ന  വിവരങ്ങൾ പുറത്ത്

നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ വയറ്റിൽ ക്ഷതമുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് മൂലമുണ്ടായ ആന്തരിക രക്ഷാസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്ന സംശയം നിലനിൽക്കുകയാണ്.

ഇതിന് പുറമെ കുഞ്ഞിന്റെ കൈയിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുമുണ്ട്. ബിസ്ക്കറ്റും, മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. അതിനാൽ കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അന്വേഷണസംഘം കുഞ്ഞിന്റെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തിരിക്കുന്നത്.

കവളാകുളം ഐക്കരവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകന്‍ ഇഹാന്‍ ആണ് മരിച്ചത്. ജനുവരി 16ന് രാത്രി 9.30നായിരുന്നു സംഭവം. പിതാവ് വാങ്ങി നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ച് അരമണിക്കൂറിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു. കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും, പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തിരുന്നു. ഉടന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ഷിജിലും, കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ഇവര്‍ ഒന്നിച്ച് താമസിച്ച് തുടങ്ങിയത്.

Related Articles

Back to top button