‘എന്നെ അറിയിക്കാതെ പരിപാടികൾ നടത്തുന്നു’…കൊല്ലത്ത് മേയറെ കുറ്റപ്പെടുത്തി ഡെപ്യൂട്ടി മേയറുടെ വാട്സാപ്പ് ശബ്ദസന്ദേശം…

മേയർ സ്ഥാനത്തിൽ തർക്കം തുടരുന്ന കൊല്ലത്ത് മേയറെ കുറ്റപ്പെടുത്തി ഡെപ്യൂട്ടി മേയറുടെ വാട്സാപ്പ് ശബ്ദസന്ദേശം. തന്നെ അറിയിക്കാതെ കോർപ്പറേഷനിൽ മേയർ നടത്തിയ ചർച്ചയാണ് ഡെപ്യൂട്ടി മേയർ കൊല്ലം മധുവിനെ ചൊടുപ്പിച്ചത്. കോർപറേഷൻ മാധ്യമ ഗ്രൂപ്പിൽ ഇട്ട ശബ്ദ സന്ദേശം ,ഗ്രൂപ്പ് അഡ്മിനായ മേയർ പ്രസന്ന ഏണസ്റ്റ് ഡിലീറ്റ് ചെയ്തു.

കൊല്ലം കോർപ്പറേഷനിലെ പരിപാടികൾ മാധ്യമപ്രവർത്തകരെ അറിയിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മേയർക്കെതിരെ ഡെപ്യൂട്ടി ശബ്ദ സന്ദേശം. തന്നെ അറിയിക്കാതെ പരിപാടികൾ നടത്തുന്നു, ഇതിൽ പങ്കാളിയാകുന്ന കോർപ്പറേഷൻ സെക്രട്ടറി ശ്രദ്ധിക്കണം, തന്നെ ഒഴിവാക്കിയത് ഗൂഢമായ ആലോചനയായി തോന്നുന്നുവെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു. കഴിഞ്ഞ ദിവസം രാത്രി 9.43നിട്ട ശബ്ദ സന്ദേശം മിനിറ്റുകൾക്കുള്ളിൽ മേയർ പ്രസന്ന ഏണസ്റ്റ് ഡിലീറ്റ് ചെയ്തു.

പ്ലാസ്റ്റിക്കിൽ നിന്ന് ഇഷ്ടിക നിർമിക്കുന്ന പദ്ധതിക്ക് മെൽബണിൽ പ്രവർത്തിക്കുന്ന പെലാജിക്ക് കമ്പനി സിഇഒയുമായി നടത്തിയ ചർച്ചയാണ് വിമർശനത്തിന് കാരണമായത്. ഓഫീസിൽ ഇല്ലാതിരുന്നതിനാൽ ഡെപ്യൂട്ടി മേയറെ വിളിച്ചില്ല എന്നതാണ് മേയറുടെ വിശദീകരണം.

നാലുവർഷം പൂർത്തിയായിട്ടും സിപിഎം മേയർ സ്ഥാനം ഒഴിയാത്തതിൽ സിപിഐ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ഏറ്റുമുട്ടൽ. ജനുവരി 31നുള്ളിൽ തീരുമാനമുണ്ടായി ഇല്ലെങ്കിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ഉൾപ്പെടെ രാജിവയ്ക്കാനുള്ള തീരുമാനത്തിലാണ് സിപിഐ കൗൺസിലർമാർ.

Related Articles

Back to top button