പ്രമീളയെ വെട്ടാന്‍ കൃഷ്ണകുമാര്‍ പക്ഷം.. രാജി ആവശ്യം ശക്തം.. ‘പ്രവർത്തകരുടെ മനോവീര്യം തകർത്തു’…

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശരിധരനെ വെട്ടാന്‍ കൃഷ്ണകുമാര്‍ പക്ഷം. ബിജെപി ജില്ലാ കമ്മിറ്റിയിൽ പ്രമീള ശശിധരൻ രാജിവെയ്ക്കണമെന്ന് 18 പേർ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന തരത്തിലാണ് പ്രമീള ശശിധരന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലെന്നും രാഹുൽ പങ്കെടുക്കുന്ന പരിപാടികളിൽ പോകരുതെന്ന നിർദ്ദേശമുണ്ടായിട്ടും അത് ചെയ്തത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയെന്നുമാണ് വിമർശനം.
പ്രമീള ശശിധരനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോർ കമ്മിറ്റിയിൽ സി. കൃഷ്ണകുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം പാർട്ടി നൽകിയിട്ടില്ലെന്ന് പ്രമീള ശശിധരൻ പറഞ്ഞു.
ഇന്നലെയായിരുന്നു പ്രമീള ശശിധരന്‍ രാഹുല്‍ മാങ്കുട്ടത്തിലിനൊപ്പം വേദി പങ്കിട്ടത്. നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. രാഹുലിനെ പൊതു പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപി നിലപാട്. രാഹുല്‍ പാലക്കാട് പൊതുപരിപാടികളില്‍ പങ്കെടുത്ത ഘട്ടങ്ങളില്‍ ബിജെപി വ്യാപക പ്രതിഷേധം അഴിച്ചുവിട്ടിരുന്നു.

