സ്ഫോടനം; ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാർക്കറ്റ്? നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

രാജ്യത്തെ നടുക്കി ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. സ്ഫോടന നടന്ന കാറിൽ മൂന്നു പേരുണ്ടായിരുന്നുവെന്നാണ് നിഗമനം. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവർ ഡൽഹി, യുപി സ്വദേശികളാണെന്നാണ് വിവരം. ഭീകരാക്രമണമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി.

കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. മാസ്ക് ധരിച്ച ഒരാൾ കാർ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനത്തിൻറെ മുൻ സീറ്റിൽ ആരുമുണ്ടായിരുന്നില്ല.കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്നാണ് വിവരം. ട്രാഫിക്ക് സിഗ്നൽ കാരണം വണ്ടി നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Related Articles

Back to top button