കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം..ജഡ്ജിയുടെ വീട്ടിലെ 5 പോലീസുകാരുടെ ഫോണുകള്‍…
ഡല്‍ഹി ഹൈക്കോടതി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ സ്ഥലത്തെത്തിയ പോലീസുകാരുടെ ഫോണുകള്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി പരിശോധിക്കും. സംഭവസ്ഥലത്ത് പരിശോധനയ്ക്കായി ആദ്യം എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണുകളാകും പരിശോധിക്കുക.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുമ്പോള്‍ തന്നെ പോലീസും സ്ഥലത്തെത്തിയിരുന്നു. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പടെ അഞ്ചു പോലീസ് ഉദ്യോഗസ്ഥരായിരുന്നു പരിശോധനക്കായി എത്തിയത്. ഇവരെ വിളിച്ചുവരുത്തി കമ്മീഷണര്‍ വിവരങ്ങള്‍ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഫോണ്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. അഞ്ചു പേരും പോലീസ് ഹെഡ് ക്വാട്ടേഴ്‌സില്‍ ഫോണ്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയാണ് അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപവത്കരിച്ചത്. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് അംഗങ്ങള്‍. മലയാളിയായ ജസ്റ്റിസ് ശിവരാമന്‍ കേരള ഹൈകോടതിയില്‍ നിന്നാണ് കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറി പോയത്. ഈ സമതിയാണ് കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം നടത്താനൊരുങ്ങുന്നത്.