ദില്ലിയുടെ നാലാമത്തെ വനിത മുഖ്യമന്ത്രിയാകാൻ രേഖ ഗുപ്ത; സത്യപ്രതിജ്ഞ ഇന്ന്…
Delhi new cm
ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുക. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഒപ്പം ആറു മന്ത്രിമാരും ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും എൻഡിഎയുടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ബോളിവുഡ് നടീനടന്മാരടക്കം സെലിബ്രിറ്റികളെയും ആത്മീയ ആചാര്യന്മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ദില്ലിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ബിജെപി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് രേഖാ ഗുപ്ത.