മുസ്ലിംമതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വിലക്കേർപ്പെടുത്തിയത് 36 വർഷം……സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി നിരോധനം ഏർപ്പെടുത്തിയ നോവൽ ഇന്ത്യയിലേക്ക്…..
സൽമാൻ റുഷ്ദിയുടെ നോവൽ ‘ദ സാത്താനിക് വേഴ്‌സസി’ന്റെ നിരോധനം നീക്കി ഡൽഹി ഹൈക്കോടതി. 36 വർഷത്തിനുശേഷമാണ് സൽമാൻ റുഷ്ദിയുടെ നോവൽ ഇന്ത്യയിലേക്കെത്തുന്നത്. മുസ്ലിംമതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപം പരക്കെ ഉയർന്ന സാഹചര്യത്തിലായിരുന്നു നോവൽ ഇന്ത്യയിൽ നിരോധിച്ചത്. സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി നിരോധനം ഏർപ്പെടുത്തിയ നോവലിനാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതി രാജ്യത്ത് അനുവാദം നൽകിയത്.
1988-ൽ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്‌സസ് ഇറങ്ങിയ ഉടൻ തന്നെ ഉള്ളടക്കത്തിലെ പ്രകോപനപരമായ പരാമർശങ്ങളിലൂടെ മുസ്ലിംമതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ആഗോളതലത്തിൽ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.’ദ സാത്താനിക് വേഴ്‌സസി’ന് രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് ഏർപ്പെടുത്തിയ നിരോധനമാണ് ഹൈക്കോടതി വ്യാഴാഴ്ച നീക്കിയത്. ഈ നോവലിനെച്ചൊല്ലി സൽമാൻ റുഷ്ദി വധഭീഷണിയും നേരിട്ടിരുന്നു.
ജസ്റ്റിസ് രേഖ പള്ളി, ജസ്റ്റിസ് സൗരഭ് ബാനർജി എന്നിവരടങ്ങുന്ന ബെഞ്ചാണ് നവംബർ അഞ്ചിന് നോവൽ നിരോധനം പരിഗണനയ്‌ക്കെടുത്തത്. മുപ്പത്തിയാറ് വർഷം നീണ്ടുനിന്ന പുസ്തകനിരോധനത്തിന്റെ സാധുതകളെക്കുറിച്ച് വിശദീകരണം നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് കഴിയാതെ വന്നതാണ് നിരോധനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിശോധിച്ച കോടതി നിരോധനം നീക്കിയതായി അറിയിച്ചത്. നിരോധനം സംബന്ധിച്ച വിജ്ഞാപനം നിലവിലില്ലെന്ന് അനുമാനിച്ച കോടതി തങ്ങൾക്ക് ബോധ്യപ്പെട്ട സാഹചര്യങ്ങളുടെ വെളിച്ചത്തിൽ നിരോധനം നീക്കുന്നതായി അറിയിക്കുകയായിരുന്നു.
2019-ൽ സന്ദീപൻ ഖാൻ എന്നയാൾ നൽകിയ ഹർജിയിലാണ് സാത്താനിക് വേഴ്‌സസിന്റെ നിരോധനത്തെ ചോദ്യം ചെയ്തത്. നിരോധനം കാരണം പുസ്തകം ഇന്ത്യയിലേക്ക് കൊണ്ടുവരാനാവുന്നില്ല എന്നുകാണിച്ചായിരുന്നു സന്ദീപൻ ഖാനിന്റെ ഹർജി. സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങളിൽ നിന്നോ നിരോധനത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലാതിരിക്കെ നോവലിന്റെ നിരോധനം ഇന്ത്യയിൽ തുടരുന്ന സാഹചര്യത്തെയായിരുന്നു ഖാൻ ചോദ്യം ചെയ്തത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സാത്താനിക് വേഴ്‌സസ് ഇന്ത്യയിൽ ലഭ്യമാക്കാൻ കഴിയുമെങ്കിലും മറ്റനേകം രാജ്യങ്ങളിൽ നോവലിനുള്ള വിലക്ക് തുടരുക തന്നെയാണ്.