നൽകിയ വാർത്ത പിൻവലിക്കണം, ഇല്ലെങ്കിൽ… മലയാളം വെബ് പോര്‍ട്ടലായ കര്‍മ്മ ന്യൂസിനെതിരെ ഡല്‍ഹി ഹൈക്കോടതി…
delhi high court against karma news
അപകീര്‍ത്തിക്കേസില്‍ മലയാളം വെബ് പോര്‍ട്ടല്‍ കര്‍മ്മ ന്യൂസിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കേരള മീഡിയ അക്കാദമിക്കും മൂന്ന് ഇംഗ്ലീഷ് വെബ് പോര്‍ട്ടലുകള്‍ക്കുമെതിരെ നല്‍കിയ വാര്‍ത്ത പിന്‍വലിക്കണമെന്നാണ് ഉത്തരവ്.മീഡിയ അക്കാദമി കൊച്ചിയില്‍ സംഘടിപ്പിച്ച 2023ൽ സംഘടിപ്പിച്ച ‘കട്ടിങ് സൗത്ത്’ എന്ന പരിപാടിയെക്കുറിച്ചുള്ള വാര്‍ത്ത സംബന്ധിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ.രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഉദ്ദേശത്തോടെ നടത്തിയ പരിപാടിയാണ് ‘കട്ടിങ് സൗത്ത്’ എന്നാരോപിച്ചായിരുന്നു കര്‍മ്മ ന്യൂസിന്റെ വാര്‍ത്ത. ന്യൂസ് ലോണ്‍ഡ്രി, കോണ്‍ഫ്‌ളുവന്‍സ് മീഡിയ, ദി ന്യൂസ് മിനിറ്റ് എന്നീ വെബ് പോര്‍ട്ടലുകള്‍ക്കെതിരെയും വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു. ഇവര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടപെടല്‍.
2023-ൽ പരിപാടിയെയും അതിന്റെ സംഘാടകരെയും കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിക്കരുതെന്ന് കര്‍മ്മ ന്യൂസിന് നിർദേശം ഉണ്ടായിരുന്നു. നിർദ്ദേശം ലംഘിച്ചുകൊണ്ട് 2024 ജൂലൈ ഒന്നിന് പ്രസ്തുത ലേഖനം പ്രസിദ്ധീകരിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.2023-ലാണ് ന്യൂസ് ലോൺഡ്രി, കോൺഫ്ലുവൻസ് മീഡിയ, ദി ന്യൂസ് മിനിറ്റ് എന്നിവയുമായി സഹകരിച്ച് കേരള മീഡിയ അക്കാദമി 2023-ൽ ഒരു ‘കട്ടിങ് സൗത്ത്’ എന്ന പേരിൽ ഒരു മീഡിയ ഇവന്റ് നടത്തുന്നത്. പരിപാടിക്ക് ശേഷം, വിഘടനവാദ പ്രചാരണം, ദേശവിരുദ്ധ പ്രവർത്തനങ്ങൾ, ഒരു വലിയ ഭീകര പ്രസ്ഥാനത്തിന്റെ ഭാഗമാകൽ എന്നിവ ആരോപിച്ച് കർമ്മ ന്യൂസ് ഒരു കാമ്പെയ്‌ൻ നടത്തിയിരുന്നു.
ഇതിനെ തുടർന്ന് ന്യൂസ് ലോൺഡ്രിയും കൺഫ്ലുവൻസ് മീഡിയയും കർമ്മ ന്യൂസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. രണ്ട് കോടി രൂപ നഷ്ടപരിഹാരം, നിർബന്ധിത ഇൻജക്ഷൻ, ക്ഷമാപണം എന്നിവ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു കേസ് നൽകിയിരുന്നത്. 2023 ജൂലൈയിൽ ഹൈക്കോടതി കേസ് പരിഗണനയിൽ എടുക്കുകയും, പരിപാടിയെ സംബന്ധിച്ചുളള ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും കർമ ന്യൂസിനെ വിലക്കുകയും ചെയ്തിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആരോപണങ്ങൾ ആവർത്തിക്കില്ലെന്ന് കർമ്മ ന്യൂസ് അന്ന് കോടതിയെ അറിയിച്ചിരുന്നു.
കോടതിയുടെ നിർദേശം ലംഘിച്ചു കൊണ്ട് 2024 ജൂലൈയിൽ കർമ്മ ന്യൂസ് മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചു. പരിപാടിയുടെ സംഘാടകർ വിദേശ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്നും ഇന്ത്യയുടെ ഭൂപടം രണ്ട് ഭാഗങ്ങളായി വിഭജിച്ചുവെന്നും ആരോപിച്ചു കൊണ്ടായിരുന്നു ലേഖനം.ഈ ലേഖനം പിൻവലിക്കാനാണ് ഡൽഹി ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.