പൊല്യൂഷൻ സർട്ടിഫിക്കേറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ന് മുതൽ ഇന്ധനം നൽകില്ല; കടുത്ത നടപടിയുമായി സർക്കാർ

ദേശീയ തലസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന വായു മലിനീകരണത്തിന് തടയിടാനായി ദില്ലി സർക്കാർ പ്രഖ്യാപിച്ച കർശനമായ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ബിഎസ്-6 എഞ്ചിൻ മാനദണ്ഡം നിർബന്ധമാക്കിയതാണ് പുതിയ പരിഷ്കാരങ്ങളിൽ പ്രധാനം. ഇതോടൊപ്പം, സാധുവായ പെല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ നടപടികൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി വിട്ടുവീഴ്ചയില്ലാത്ത നീക്കങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

പുതിയ നിയമം നടപ്പിലാകുന്നതോടെ ഗുഡ്ഗാവ്, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ നിന്ന് നിത്യേന ദില്ലിയിലേക്ക് എത്തുന്ന 12 ലക്ഷത്തോളം വാഹനങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം നോയിഡയിൽ നിന്ന് നാലും ഗാസിയാബാദിൽ നിന്ന് അഞ്ചര ലക്ഷവും ഗുഡ്ഗാവിലെ രണ്ട് ലക്ഷത്തോളം വാഹനങ്ങൾക്കും ഇനി നഗരത്തിലേക്ക് പ്രവേശനം ലഭിക്കില്ല. മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താൻ പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ ഇതിനകം തന്നെ സ്ഥാപിച്ചുകഴിഞ്ഞു. ദില്ലി പരിസ്ഥിതി മന്ത്രി മജീന്ദർ സിംഗ് സിർസ ചൊവ്വാഴ്ചയാണ് ഈ കർശന നടപടികൾ പ്രഖ്യാപിച്ചത്. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്‍റെ നാലാം ഘട്ടം നിലനിൽക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button