പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി

ഇൻഡിഗോ വിമാന സർവ്വീസ് തടസ്സങ്ങളുടെ ഒമ്പതാം ദിവസം. ഏകദേശം 220 വിമാനങ്ങൾ റദ്ദാക്കി. ഡൽഹിയെയും ബെംഗളൂരുവിനെയുമാണ് ഏറ്റവുമധികം ബാധിച്ചത്. ദില്ലിയിൽ നിന്നുള്ള 137 വിമാനങ്ങൾ റദ്ദാക്കിയതായാണ് വിവരം
ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി. പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഈ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലേ എന്നും, മറ്റു വിമാനക്കമ്പനികൾ നാൽപ്പതിനായിരം രൂപ വരെ ടിക്കറ്റിന് ഈടാക്കുന്ന സാഹചര്യം ഉണ്ടായതെങ്ങനെയെന്നും കോടതി ഇൻഡിഗോയോട് ചോദിച്ചു. കൂടാതെ യാത്രക്കാർക്ക് പണം തിരിച്ചു നൽകുന്ന നടപടി കാര്യക്ഷമമാക്കണമെന്നും നഷ്ടപരിഹാരത്തിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇടപെടണം എന്നും കോടതി വ്യക്തമാക്കി. പ്രതിസന്ധിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ



