ദില്ലിയിൽ നിർണായക നീക്കങ്ങൾ… അമിത്ഷായുടെ വസതിയിൽ ചർച്ച…നിയമസഭ പിരിച്ചുവിട്ടു…
ദില്ലിയിൽ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി ബിജെപി മുന്നോട്ട്. അമിത് ഷായുടെ വീട്ടിൽ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനിടെ, നിലവിലെ ദില്ലി മുഖ്യമന്ത്രി അതിഷ മര്‍ലേന രാജി കത്ത് നൽകി. ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് രാജി കത്ത് നൽകിയത്. ഇതിനു പിന്നാലെ ദില്ലി നിയമസഭ പിരിച്ചുവിട്ടതായി ലെഫ്റ്റനൻറ് ഗവര്‍ണര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട ചര്‍ച്ചകളാണ് അമിത് ഷായുടെ വസതിയിൽ നടന്നത്.
ബിജെപി അധ്യക്ഷൻ ജെപി നദ്ദയും വസതിയിലെത്തി. ബിജെപി ദില്ലി അധ്യക്ഷൻ വീരേന്ദ്ര സച്ചിദേവയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ, അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച ബിജെപി നേതാവ് പര്‍വേഷ് വര്‍മ്മയും കൈലാസ് ഗെഹലോട്ടും ലെഫ്റ്റ്നന്റ് ഗവര്‍ണരെ കാണാനെത്തി. ആരായിരിക്കും മുഖ്യമന്ത്രിയെന്നകാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.