ചെങ്കോട്ട സ്‌ഫോടനം: പ്രതി പിന്തുടർന്നത് ചാവേറിന്റെ രീതിയല്ല.. ആസൂത്രിത ആക്രമണമല്ലെന്ന് ഉന്നത വൃത്തങ്ങൾ… പരിഭ്രാന്തിയില്‍ സംഭവിച്ചത്…

ചെങ്കോട്ട സ്‌ഫോടനം ചാവേറാക്രമണമല്ലെന്ന് റിപ്പോര്‍ട്ട്. സാധാരണയുള്ള ചാവേറാക്രമണത്തിന്റെ സ്വഭാവത്തിലല്ല സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പരിഭ്രാന്തിയില്‍ സ്‌ഫോടനം നടത്തിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോംബ് പൂർണമായി വികസിപ്പിച്ചിട്ടില്ലാത്തതായിരുന്നതിനാലാണ് ആഘാതം പരിമിതപ്പെട്ടത്.ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് ചാവേർ ആക്രമണത്തിന്റെ സ്വഭാവമില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
തന്റെ മേലുള്ള സമ്മർദ്ദം മൂലം പ്രതിയെന്ന് സംശയിക്കുന്നയാള്‍ പരിഭാന്ത്രിയില്‍ സ്‌ഫോടനം നടത്തിയെന്നാണ് നിഗമനം. കാറിലുണ്ടായിരുന്ന ബോംബ് പൂര്‍ണമായും വികസിപ്പിച്ച ബോംബല്ലെന്നും എന്‍ഐഎയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തില്‍ ഗര്‍ത്തമുണ്ടായിട്ടില്ലെന്നും പ്രൊജക്ടൈലുകള്‍ കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വലിയ നാശനഷ്ടങ്ങള്‍ വരുത്തുന്ന രീതിയിലുള്ള സ്‌ഫോടനമല്ല നടന്നതെന്നും സ്‌ഫോടനം നടക്കുമ്പോഴും കാര്‍ നീങ്ങുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം ചെങ്കോട്ട സ്‌ഫോടനത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനയില്‍ ഫരീദാബാദ്, സഹാരന്‍പുര്‍, പുല്‍വാമ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വലിയൊരളവില്‍ സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഫരീദാബാദിലെ അല്‍ ഫലാ സര്‍വകലാശാലയില്‍ നിന്നും മൂന്ന് ഡോക്ടര്‍മാരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. മുസമില്‍ ഷകീല്‍, ഉമര്‍ മുഹമ്മദ്, ഷഹീന്‍ ഷാഹിദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.



