‘ദില്ലിയിൽ കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രി’

നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ജയിച്ചാൽ അരവിന്ദ് കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രിയാകുമെന്ന് എഎപി മുതിർന്ന നേതാവ് സഞ്ജയ് സിങ്. വോട്ടുകൾ അട്ടിമറിയ്ക്കാൻ ബിജെപി ശ്രമിക്കുകയാണ്. എന്നാൽ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്ന് സഞ്ജയ് സിങ് എംപി പറഞ്ഞു.

ദില്ലിയിലെ ജനങ്ങൾ എഎപിക്കും കെജ്‍രിവാളിനും വോട്ട് നൽകുമെന്ന ആത്മവിശ്വാസത്തിലാണ് എഎപി. നിരവധി ക്ഷേമ പദ്ധതികൾ ജനങ്ങൾക്കായി നടപ്പാക്കി. മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കെജ്‍രിവാൾ മുഖ്യമന്ത്രിയാകും. വോട്ടിംഗ് അട്ടിമറിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കഴിഞ്ഞെന്നും ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് സിങ് പ്രതികരിച്ചു.

ദില്ലിയിൽ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പ്രചാരണം ഊർജ്ജിതമാക്കിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസും ബിജെപിയും കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. അതേസമയം 70 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം ഊർജിതമാക്കുകയാണ് ആം ആദ്മി പാർട്ടി. കൂടുതൽ തെരഞ്ഞെടുപ്പ് റാലികൾ വരും ദിവസങ്ങളിൽ എഎപി ദില്ലിയിൽ സംഘടിപ്പിക്കും.

അതിനിടെ ദില്ലി മുഖ്യമന്ത്രിയുടെ വസതിയിൽ ആഡംബരമെന്ന ആരോപണത്തെ വെല്ലുവിളിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തി. ഇന്ന് മാധ്യമങ്ങളെ വസതിയിലേക്ക് കൊണ്ടുപോകുമെന്നും അറിയിച്ചു. തന്നെ ഔദ്യോഗിക വസതിയില്‍നിന്ന് പുറത്താക്കിയെന്ന് ദില്ലി മുഖ്യമന്ത്രി അതിഷി ആരോപിച്ചു. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് തനിക്ക് വസതി അനുവദിച്ചത് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുന്നതെന്ന് അതിഷി പറഞ്ഞു. പൊതുജനങ്ങളുടെ വീട്ടിൽ താമസിച്ച് ദില്ലി നിവാസികളെ സേവിക്കാൻ തയ്യാറാണെന്നും അതിഷി പറഞ്ഞു.

Related Articles

Back to top button