‘സർവ്വം ദീപ്തം’ വെറുതെയായി, ദീപ്തി മേരി വർഗീസിന് സീറ്റില്ല

അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ ദീപ്തി മേരി വർഗീസിന് കോൺഗ്രസിൻറെ രണ്ടാം പട്ടിക വന്നപ്പോൾ സീറ്റില്ല. ‘സർവ്വം ദീപ്തം’ എന്ന പേരിൽ പോസ്റ്ററുകൾ അടിച്ചത് വെറുതെയായി. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ആണ് കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. ദീപ്തി മേരി വർ​ഗീസിനെ പരി​ഗണിക്കണമെന്ന് കെ സി വേണു​ഗോപാൽ നിലപാടെടുത്തു. എന്നാൽ മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്ന വി ഡി സതീശൻറെ വാദമാണ് അംഗീകരിക്കപ്പെട്ടത്.

ഇന്ന് കൊച്ചി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി ദീപ്തി മേരി വർഗീസ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാർത്ഥിയായി വന്നാൽ എല്ലാ പിന്തുണയും സഭ ഉറപ്പു നൽകിയിട്ടുണ്ടെന്നും കടപ്പാട് അറിയിക്കാൻ വേണ്ടി വന്നതാണെന്നും ദീപ്തി മേരി വർഗീസ് പറയുകയുണ്ടായി. അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.സ്ഥാനാർത്ഥിയായാലും ഇല്ലെങ്കിലും എല്ലാം പോസിറ്റീവ് ആണെന്നും യുഡിഎഫ് നയിക്കും കേരളം ജയിക്കുമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. എന്നാൽ മേയർ സ്ഥാനം ലഭിക്കാത്തതിനാൽ അതൃപ്തിയിലായിരുന്ന ദീപ്തിക്ക് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചിരിക്കുകയാണ്.

എറണാകുളത്ത് ബാക്കിയുള്ള സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സീറ്റ് പ്രതീക്ഷിച്ച് കാത്തിരുന്ന എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. വൈപ്പിനിൽ ടോണി ചമ്മണിയും തൃപ്പൂണിത്തുറയിൽ ദീപക് ജോയിയും മത്സരിക്കും. ഭാവി തീരുമാനം പ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കും എന്നാണ് എൽദോസ് കുന്നപ്പിള്ളിയുടെ പ്രതികരണം.

Related Articles

Back to top button