എംഡിഎംഎ വിഴുങ്ങി മരണം…ശസ്ത്രക്രിയക്ക് ഷാനിദ് സമ്മതിച്ചില്ല…
താമരശ്ശേരി സ്വദേശിയായ യുവാവിന്റെ മരണകാരണം അമിത അളവില്‍ ശരീരത്തില്‍ രാസലഹരിമരുന്ന് എത്തിയത് കൊണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ താമരശ്ശേരി മൈക്കാവ് സ്വദേശിയായ ഷാനിദ് എന്ന യുവാവാണ് കഴിഞ്ഞ ദിവസം രണ്ട് പാക്കറ്റ് ലഹരിമരുന്ന് വിഴുങ്ങിയത്. രണ്ട് പാക്കറ്റുകളിലൊന്നില്‍ കഞ്ചാവാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.
താമരശ്ശേരി അമ്പായത്തോട് വെച്ച് പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ട് പാക്കറ്റ് മയക്കുമരുന്ന് വിഴുങ്ങിയ യുവാവ് ഷാനിദ് ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. അമിതമായി രാസലഹരി ഉള്ളിലെത്തിയത് കൊണ്ടാണ് 24 മണിക്കൂറിനുള്ളിൽ യുവാവ് മരിച്ചതെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. ഇത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരു പാക്കറ്റ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടാത്ത മറ്റൊരു പാക്കറ്റില്‍ ഒമ്പത് ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.