പൊക്കിൾക്കൊടി പോലും അടർന്നിട്ടില്ല, കുഞ്ഞിന്റെ മൃതദേഹവുമായി അലഞ്ഞ് തിരിഞ്ഞ് ജെ 36, തീരാ വേദനയിൽ കൊലയാളി തിമിംഗലം

ജനിച്ചിട്ട് മൂന്ന് ദിവസം, ജീവൻ പോയ കുഞ്ഞിന്റെ മൃതദേഹവുമായി കടലിൽ അലഞ്ഞ് തിരിഞ്ഞ് കൊലയാളി തിമിംഗലം. വംശനാശ ഭീഷണി നേരിടുന്ന ഓർക തിമിംഗലമാണ് ഏതാനും ദിവസങ്ങളായി ജീവനറ്റ കുഞ്ഞിന്റെ മൃതദേഹവും കൊണ്ട് നടക്കുന്നത് ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. സാലിഷ് കടലിൽ വെള്ളിയാഴ്ചയാണ് അമ്മ തിമിംഗലത്തേയും ചത്ത നിലയിൽ കുഞ്ഞിനേയും കണ്ടത്. ജെ 36 എന്ന് പേരിട്ടിരിക്കുന്ന കൊലയാളി തിമിംഗലമാണ് വിക്ടോറിയൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള റൊസാരിയോ കടലിടുക്കിൽ കണ്ടെത്തിയത്. സെന്റർ ഫോർ വെയിൽ റിസർച്ച് എന്ന ഗവേഷക സ്ഥാപനത്തിലെ ഗവേഷകരാണ് കുഞ്ഞിന്റെ മൃതദേഹവുമായി അലയുന്ന അമ്മ തിമിംഗലത്തെ കണ്ടെത്തിയത്. കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുൻപ് പൂർണവള‍ർച്ചയെത്തിയാണ് ജെ 36 കുഞ്ഞിന് ജന്മം നൽകിയത്. പൊക്കിൾക്കൊടി പോലും വിട്ടുപോയിട്ടില്ലാത്ത നിലയിലാണ് ജെ 36യുടെ ജീവനറ്റ കുഞ്ഞുള്ളത്. എന്നാൽ കുഞ്ഞ് ജീവനറ്റ നിലയിലാണോ ജനിച്ചതെന്നോ ജനിച്ച ശേഷം മരണപ്പെട്ടതാണോയെന്നത് ഇനിയും വിലയിരുത്താനായിട്ടില്ല. സതേൺ കില്ലർ തിമിംഗലങ്ങളിൽ ഗർഭധാരണം പതിവാണെങ്കിലും ഏറിയ പങ്കും കുട്ടികൾക്ക് ജന്മം നൽകാറില്ലെന്നാണ് സെന്റർ ഫോർ വെയിൽ റിസർച്ച് ഡയറക്ടർ മൈക്കൽ വീസ് പ്രതികരിക്കുന്നത്. മിക്ക പെൺ ഓർക തിമിംഗലങ്ങളും ഗ‍ർഭം ധരിക്കും എന്നാൽ കുഞ്ഞുങ്ങൾ മരിച്ച നിലയിൽ പുറത്ത് വരികയോ പുറത്ത് വന്നയുടനേ ചാവുകയോ പതിവാണെന്നാണ് മൈക്കൽ വീസ് വിശദമാക്കുന്നത്.

പിന്നീട് ദിവസങ്ങളോളം അമ്മ തിമിംഗലങ്ങൾ കുഞ്ഞുങ്ങളുടെ മൃതദേഹം തള്ളി നടക്കാറുണ്ടെന്നും ഗവേഷകർ പറയുന്നു. നിരവധി തവണ ഇത് ഒരു വർഷത്തിൽ സംഭവിക്കുന്നുണ്ടെങ്കിലും ഇവ മനുഷ്യർക്ക് മുന്നിലേക്ക് ഇത്തരത്തിൽ എത്തുന്നത് വളരെ അപൂർവ്വമാണെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. സമുദ്രത്തിലെ മാലിന്യം കൂടുന്നതാവാം ഇത്തരത്തിൽ കുഞ്ഞുങ്ങളെ നഷ്ടാവുന്നതിനുള്ള കാരണങ്ങളിലൊന്നായി ഗവേഷകർ വിശദമാക്കുന്നത്. ഓർകകളുടെ ഇഷ്ട ഭക്ഷണമായ ചിനൂക്ക് സാൽമണുകളുടെ അപര്യാപ്തത മൂലം ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ വരുന്നതും ഇത്തരം ഓർക കുഞ്ഞുങ്ങളുടെ അകാല മൃത്യുവിന് കാരണമാകുന്നുണ്ട്. കുഞ്ഞ് നഷ്ടമായതിലെ വിഷമം മൂലമാകാം ഇത്തരത്തിലെ നടപടിയെന്നാണ് ഗവേഷകർ വിശദമാക്കുന്നത്

Related Articles

Back to top button