‘കെ.ടി ജലീലിനെ മണ്ഡലത്തിൽ കാണാനില്ല… എംഎൽഎ യുടെ ജോലി ചെയ്യാതെ കൈപ്പറ്റിയ തുക തിരിച്ച് വാങ്ങിക്കണം.. തിരിച്ചെത്തിക്കാൻ ഇടപെടണം’
കെ.ടി ജലീൽ എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ലെന്ന് ആരോപിച്ച് സ്പീക്കർ എ.എൻ ഷംസീറിന് ഡിസിസി ജനറൽ സെക്രട്ടറിയുടെ കത്ത്. ഞാൻ അടങ്ങുന്ന തവനൂർ നിയോജകമണ്ഡലത്തിന്റെ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത് കെ ടി ജലീൽ ആണ്. ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് മുതൽ അഞ്ചു വർഷത്തേക്ക് നിയമസഭാംഗമായി സേവനം ചെയ്യാമെന്ന് കേരളം നിയമസഭ സമക്ഷം സത്യം ചെയ്തതുമാണ്. എന്നാൽ മാസങ്ങളായി കെ.ടി ജലീൽ എംഎൽഎ മണ്ഡലത്തിൽ ഉണ്ടായിട്ടില്ല. അദ്ദേഹം സജീവമായിരുന്ന കല്യാണവീടുകളിൽ പോലും അദ്ദേഹത്തെ കാണാതായിട്ട് മാസങ്ങളായിരിക്കുന്നു. അദ്ദേഹത്തെ കാണാതെ പോയതാണെങ്കിൽ ബഹുമാനപ്പെട്ട സ്പീക്കർ ഇടപെട്ട് പോലീസ് അധികാരികളുടെ സഹായത്താൽ തിരിച്ചു മണ്ഡലത്തിലേക്ക് എത്തിക്കാൻ അഭ്യർഥിക്കുന്നു എന്നാൽ ഡിസിസി ജനറൽ സെക്രട്ടറി ഇ.പി രാജീവ് എഴുതിയ കത്തിൽ പറയുന്നത്.
നിയോജകമണ്ഡലത്തിൽ അടിയന്തരമായി ചെയ്യേണ്ട നിരവധി കാര്യങ്ങൾ എംഎൽഎ നേതൃത്വം നൽകേണ്ടതുണ്ട്. അതിൽ ഒന്നാമതായി നാടു മുഴുവൻ ജലനിധി പൈപ്പ് വിതരണത്തിന്റെ കുഴികൾ കുഴിച്ച് റോഡ് മുഴുവൻ കിലോമീറ്റർ നീളുന്ന തോടുകളാണ്. സംസ്ഥാനപാത മുതൽ ചെറിയ റോഡുകൾ അടക്കം ഈ സ്ഥിതിയാണ് നേരിടേണ്ടി വരുന്നത്. ബൈക്കിൽ പോകുന്നവരും കാൽനട യാത്രക്കാരും ഭാഗ്യമുണ്ടെങ്കിൽ വീണ്ടും ജീവനോടെ കാണാം എന്ന് വീട്ടുകാരോട് യാത്ര ചോദിച്ചാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. എംഎൽഎ എന്തെങ്കിലും ചെയ്യും എന്ന് കാത്തിരുന്നിട്ട് കുഴി വലുതായി കുളം ആകുന്നതല്ലാതെ ഇത് പരിഹരിക്കാനുള്ള എന്തെങ്കിലും കാര്യം എംഎൽഎ ചെയ്യുന്നതായി നേരിട്ടോ മറ്റെന്തെങ്കിലും മാധ്യമങ്ങൾ മുഖാന്തിരമോ ഒരു അറിവും ലഭിച്ചിട്ടില്ല.
ഇപ്പോൾ ചർച്ച ആയിരിക്കുന്ന എടപ്പാൾ ബസ്റ്റാന്റ് ആവശ്യത്തെ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നത് വട്ടംകുളം പഞ്ചായത്ത് മാത്രമാണ്. വളർന്നുവരുന്ന എടപ്പാൾ നഗരത്തിന് ഒരു ബസ്റ്റാൻഡ് നിർമിക്കുവാൻ വേണ്ടി ഒരുപാട് പരിമിതികൾ ഒരു പഞ്ചായത്തിന് ഉണ്ട്. തവനൂർ മണ്ഡലത്തിലെ പ്രധാന കേന്ദ്രം എന്നുള്ള നിലക്ക് ജലീൽ എംഎൽഎ ഈ പദ്ധതിക്ക് മുൻകൈയെടുത്ത് നടപ്പിൽ വരുത്തേണ്ടതാണ്. എന്നാൽ തിരിഞ്ഞുപോലും നോക്കാതെ അദ്ദേഹം ഈ വിഷയം അവഗണിച്ചിരിക്കുകയാണ്. വർധിച്ചുവരുന്ന കേസുകൾ കാരണം പൊന്നാനി, ചങ്ങരംകുളം, തിരൂർ പൊലീസി്‌ന് കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് മണ്ഡല പരിധിയിൽ പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കുമെന്ന് പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്. ഒരു ഗവൺമെൻറ് ഓർഡർ പോലും വ്യക്തമായി ഈ വിഷയത്തിൽ വന്നിട്ടില്ല. ഇവിടെയും എംഎൽഎ അദ്ദേഹത്തെ കണ്ടിട്ടില്ല, എംഎൽഎ മിണ്ടുന്നില്ല.
തവനൂർ പഞ്ചായത്ത് അംഗങ്ങൾ തിരുനാവായ മേൽപ്പാലത്തിന്റെ കല്ലിടലിന് മുന്നോടിയായി തേങ്ങ ഉടക്കുന്നതായി കണ്ടതല്ലാതെ അതിന്റെ മേൽ മറ്റൊരു പ്രവൃത്തിയും ഇതുവരെ നടന്നിട്ടില്ല. ഈ പാലത്തെ മറ്റൊരു ചമ്രവട്ടം പാലം ആക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഇവിടെയും എംഎൽഎയുടെ അടിയന്തരശ്രദ്ധ ലഭിക്കേണ്ട വിഷയമാണ്, എന്നാൽ ഇവിടെയും എംഎൽ ഇല്ല. ഇത്തരത്തിൽ ഒരു നാടിന് വേണ്ട നിരവധിയായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതാണ് ഒരു എംഎൽഎയുടെ പ്രധാന ചുമതല. എന്നാൽ മാസങ്ങളായി എംഎൽഎ മണ്ഡലത്തിൽ ഇല്ല. വിദേശ ടൂറുകൾക്കും യുഡിഎഫിനെയും ലീഗിനെയും വിമർശിക്കാനും പിണറായിക്ക് സ്തുതി പാടാനും മാത്രം പോകാൻ സമയം കണ്ടെത്തുന്നു എന്നല്ലാതെ എംഎൽഎ എന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ട ജോലിയുടെ ഒരു ശതമാനം പോലും ചെയ്യുന്നില്ല. ആയതിനാൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ഇടപെട്ട് മണ്ഡലത്തിൽ നിന്നും മാഞ്ഞുപോയ എംഎൽഎയെ തിരിച്ച് തവനൂർ മണ്ഡലത്തിലേക്ക് എത്തിക്കണമെന്ന് അഭ്യർഥിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരള ഖജനാവിൽ നിന്ന് എംഎൽഎ യുടെ ശമ്പളം ജോലി ചെയ്യാതെ കൈപ്പറ്റുന്നു എന്നതിനാൽ അദ്ദേഹം കൈപ്പറ്റിയ തുക തിരിച്ച് സർക്കാരിന്റെ ഖജനാവിലേക്ക് തിരികെ വാങ്ങിക്കണമെന്നും രാജീവ് കത്തിൽ ആവശ്യപ്പെട്ടു.